കാണാതായ അച്ഛൻ സർക്കാർ പരസ്യത്തിൽ; കണ്ടെത്തണമെന്ന ആവശ്യവുമായി മകൻ

സുഹൃത്തുക്കളിലൊരാൾ ഇതു മകനും ഭക്ഷണശാല ഉടമയുമായ ഭരത് താംബെയുടെ ശ്രദ്ധയിൽപ്പെടുത്തി
കാണാതായ അച്ഛൻ സർക്കാർ പരസ്യത്തിൽ; കണ്ടെത്തണമെന്ന ആവശ്യവുമായി മകൻ
കാണാതായ അച്ഛൻ സർക്കാർ പരസ്യത്തിൽ; കണ്ടെത്തണമെന്ന ആവശ്യവുമായി മകൻ
Updated on

പൂനെ: മൂന്നു വർഷം മുൻപ് കാണാതായ ആളുടെ ചിത്രം സമൂഹമാധ്യമത്തിൽ സർക്കാർ പദ്ധതിയുടെ പരസ്യത്തിൽ. ചിത്രമെടുത്ത പ്രദേശത്ത് അച്ഛനുണ്ടായേക്കാമെന്നും കണ്ടെത്താൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് മകൻ.

മഹാരാഷ്‌ട്ര സർക്കാരിന്‍റെ "മുഖ്യമന്ത്രി തീർഥ ദർശൻ യോജന'യുടേതായി ഭരണകക്ഷിയായ ശിവസേനയുടെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത പരസ്യമാണ് 68കാരൻ ധ്യാനേശ്വർ താംബെ എവിടെയെന്ന അന്വേഷണത്തിൽ കുടുംബാംഗങ്ങൾക്ക് പ്രതീക്ഷ നൽകുന്നത്.

ശിക്രാപുർ സ്വദേശിയായ താംബെ, വീട്ടിൽ പറയാതെ പലപ്പോഴും ബന്ധുവീടുകളിലേക്ക് സന്ദർശനം നടത്താറുണ്ട്. മാസങ്ങൾക്കു ശേഷമാകും തിരികെയെത്തുക. മൂന്നു വർഷം മുൻപ് വീടുവിട്ടു പോയെ താംബെ പിന്നീടിതുവരെ തിരിച്ചെത്തിയില്ല.

കഴിഞ്ഞ ദിവസം ശിവസേന പുറത്തിറക്കിയ പരസ്യത്തിലെ ചിത്രത്തിൽ ആലന്ദിയിൽ നിന്നു പന്ധർപുരിലെ വിഠല ക്ഷേത്രത്തിലേക്ക് കാൽനടയായി പോകുന്ന തീർഥാടകരിൽ താംബെയുമുണ്ടായിരുന്നു. സുഹൃത്തുക്കളിലൊരാൾ ഇതു മകനും ഭക്ഷണശാല ഉടമയുമായ ഭരത് താംബെയുടെ ശ്രദ്ധയിൽപ്പെടുത്തി. ചിത്രം സമീപകാലത്തേതാണെന്നും ഇതുപയോഗിച്ച് അച്ഛനെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഭരത്.

പരാതിയിൽ നടപടിക്ക് രണ്ടു പൊലീസ് സംഘങ്ങളെ നിയോഗിച്ചതായി ശിക്രാപുർ പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്റ്റർ ദീപ്‌രഥൻ ഗെയ്ക്ക്‌വാദ് അറിയിച്ചു. അതേസമയം, പരസ്യം സർക്കാരിന്‍റേതല്ലെന്നു മഹാരാഷ്‌ട്ര സർക്കാർ വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.