വയനാടിനായി കൈകോർത്ത് മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ കുരുന്നുകൾ; ആറേകാല്‍ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി

സഹജീവി സ്നേഹവും മാതൃദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ "വയനാടിന് ഒരു ഡോളർ" എന്ന പദ്ധതി ആവിഷ്കരിച്ചത്
malayalam mission mumbai chapter help for wayanad
വയനാടിനായി കൈകോർത്ത് മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ കുരുന്നുകൾ
Updated on

മുംബൈ: വയനാടിനായി കൈകോർത്ത് മലയാളം മിഷന്‍ മുംബൈ ചാപ്റ്ററിലെ കുരുന്നുകൾ സ്വരൂപിച്ചത് ആറേകാല്‍ ലക്ഷം രൂപ. ലോകമെമ്പാടുമുള്ള മലയാളം മിഷൻ ചാപ്റ്ററുകളിലെ കുരുന്നുകൾ മാതൃ നാടിനായി കൈകോർത്തുകൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരക്കോടി രൂപ സംഭാവന ചെയ്തു.

സഹജീവി സ്നേഹവും മാതൃദേശത്തിനോടുള്ള പ്രതിബദ്ധതയും പ്രവാസി കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് മലയാളം മിഷൻ "വയനാടിന് ഒരു ഡോളർ" എന്ന പദ്ധതി ആവിഷ്കരിച്ചത്. 25 ദിവസം നീണ്ടു നിന്ന ഈ ധനശേഖരണത്തില്‍ മലയാളം മിഷനിലെ എല്ലാ കുട്ടികളും പങ്കാളികളായി. ഒപ്പം മലയാളം മിഷൻ ചാപ്റ്ററുകളിലെ മാതൃഭാഷാ സ്നേഹികളായ ഭാരവാഹികളും അധ്യാപകരും അഭ്യുദയകാംക്ഷികളും കൂടി കൈകോർത്തപ്പോൾ വയനാടിനായി 52,50,677 രൂപ അവർ കണ്ടെത്തി. മലയാളം മിഷന്റെ 105 ചാപ്റ്ററിൽ നിന്നുള്ള അൻപതിനായിരത്തിലേറെ വിദ്യാർഥികളാണ് ഇതിന്‍റെ ഭാഗമായത്.

ഓരോ ചാപ്റ്ററുകളിൽ നിന്നും സമാഹരിച്ച തുകകൾ അതാത് ചാപ്റ്ററുകൾ തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് അയയ്ക്കുന്ന രീതിയിലാണ് മലയാളം മിഷൻ പദ്ധതി ആവിഷ്കരിച്ചത്. ഇങ്ങനെ എല്ലാ ചാപ്റ്ററുകളിൽ നിന്നും അയച്ച തുകകൾ ക്രോഡീകരിച്ച രേഖ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയും ചാപ്റ്റർ പ്രതിനിധികളും ജീവനക്കാരും ചേർന്ന് ആഗസ്റ്റ്‌ 29ന് മുഖ്യമന്ത്രിക്ക് കൈമാറി.

6,24,699 രൂപ ശേഖരിച്ച മുംബൈ ചാപ്റ്ററാണ് ഏറ്റവുമധികം തുക സമാഹരിച്ചത്. ഈ ഉദ്യമത്തില്‍ മുംബൈ ചാപ്റ്ററിനോട് സഹകരിച്ച പഠിതാക്കളോടും രക്ഷിതാക്കളോടും അദ്ധ്യാപകരോടും സംഘടന ഭാരവാഹികളോടും അഭ്യുദയകാംക്ഷികളോടും ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നതായി രാമചന്ദ്രന്‍ മഞ്ചറമ്പത്ത്(സെക്രട്ടറി, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍)അറിയിച്ചു.

Trending

No stories found.

Latest News

No stories found.