മുംബൈ: ഉമ്മൻചാണ്ടിയെ സ്മരിക്കുമ്പോൾ ഓർമ്മയിലെത്തുന്നത് കേരളമാണെന്നും വിശ്രമ ജീവിതത്തിൻ്റെ നാളിൽ കുടിയേറിപാർക്കേണ്ടി വന്നാൽ അദ്ദേഹം ജീവിച്ച കേരളത്തിലായിരിക്കുമെന്നും പ്രമുഖ സാമൂഹ്യപ്രവർത്തക മേധാപട്ക്കർ. തനിക്കുലഭിച്ച അംഗീകാരം സമരമുഖങ്ങളിലെ കൂട്ടായ്മയ്ക്കുള്ള അംഗീകാരമാണ്, വ്യക്തിപരമായ നേട്ടമല്ല. താൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ അത് തൻ്റെ കടമായാണെന്നും ലഭിച്ച പുരസ്ക്കാരം നർമദാ നവനിർമാൺ അഭിയാനിൽ പ്രവർത്തിക്കുന്ന എല്ലാവർക്കുമായി സമർപ്പിക്കുകയാണെന്നും മേധ പട്ക്കർ പറഞ്ഞു .
ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ) രാജ്യത്തെ മികച്ച സാമൂഹികപ്രവർത്തകർക്കായി ഏർപ്പെടുത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിലുള്ള പുരസ്ക്കാരം ഏറ്റുവാങ്ങിയതിനുശേഷം സംസാരിക്കുകയായിരുന്നു മേധ പട്ക്കർ. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും ഉൾപ്പെടുന്ന പുരസ്ക്കാരം, ഉമ്മൻചാണ്ടിയുടെ മകനും എംഎൽഎയുമായ ചാണ്ടിഉമ്മനും അവാർഡ് കമ്മിറ്റി ചെയർമാനും മഹാരാഷ്ട്രപ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോജോ തോമസും ചേർന്ന് സമ്മാനിച്ചു. പ്രശസ്‌തി പത്രം സിബി സത്യൻ സദസ്സിനെ വായിച്ചുകേൾപ്പിച്ചു.
"ഈ പുരസ്കാരം ഏറ്റുവാങ്ങുമ്പോൾ സത്യത്തിനും അഹിംസ ക്കും സ്വരാജിനുംവേണ്ടി സത്യഗ്രഹിയായി ജീവിച്ച ഗാന്ധിജിയെ വിസ്മരിക്കാനാവില്ല. യഥാർഥ പൗരന്റെ മാനവികവും മൗലികവും ഭരണഘടനാപരവുമായ ധർമം എല്ലാവരും സ്വീകരിക്കണം." മേധാപട്ക്കർ സദസ്സിനെ ഓർമ്മപ്പെടുത്തി.
കേരള സന്ദർശനങ്ങളിൽ തനിക്കുണ്ടായ നല്ല അനുഭവങ്ങളെ വിവരിച്ച അവർ കേന്ദ്രസർക്കാറിന്‍റെ പല നിലപാടുകളെയും ശക്തമായ രീതിയിൽ വിമർശിക്കുകയും ചെയ്തു.
പിതാവിന്‍റെ പേരിൽ ആദ്യമായി ഏർപ്പെടുത്തിയ പുരസ്ക്കാരം ഏറ്റവും യോജിച്ച വ്യക്തിയിലേക്ക് തന്നെ എത്തുന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും ,അർഹതപ്പെട്ട വ്യക്തിയെ കണ്ടെത്തിയ അസ്സോസ്സിയേഷനെയും സംഘാടകരെയും
അഭിനന്ദിക്കുന്നതായും വിശിഷ്ടാതിഥിയായി പങ്കെടുത്ത ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎൽഎ യുമായ ചാണ്ടി ഉമ്മൻ എംഎൽഎ വ്യക്തമാക്കി. മേധാപട്ക്കറും തന്റെ പിതാവും സമാന സ്വഭാവക്കാരാണെന്നും ഒരു തീരുമാനമെടുത്താൽ അതവർ നടപ്പാക്കാതെ പിന്മാറാറില്ലാ എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കേണ്ടിയിരുന്ന മുൻ കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായിരുന്ന സുശീൽകുമാർ ഷിൻഡെ അസുഖത്തെ തുടർന്ന് ചടങ്ങിൽ പങ്കെടുത്തില്ല അദേഹത്തിൻ്റെ വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. മുംബൈ മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത വ്യക്തിയാണ് ഉമ്മൻചാണ്ടി എന്ന് ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തിയ ജോജോ തോമസ് അഭിപ്രായപ്പെട്ടു തൻ്റെ രാഷ്ട്രീയ ജീവിതത്തിൽ ഒത്തിരിയേറെ സ്വാധീനം ചെലുത്തിയ വ്യക്തിയായ അദ്ദേഹമാണ് കൊവിഡ് കാലഘട്ടത്തിൽ മുംബൈ മലയാളികൾക്ക് ഏറ്റവും കൂടുതൽ ആശ്രയമായത് എന്നും ജോജോതോമസ് പറഞ്ഞു.
ഓർത്തഡോക്സ് സഭയുടെ ബോംബെ ഭദ്രാസന അധ്യക്ഷൻ ഗീവർഗീസ് മാർ കൂറിലോസ്, കല്യാൺ രൂപത വികാരി ജനറൽ മോൺസിഞ്ഞൂർ ഡോക്ടർ ഫ്രാൻസിസ് എലവത്തിങ്കൽ, മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിസന്തോഷ് കെനെ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. പ്രഥമ ഉമ്മൻചാണ്ടി സ്മാരക അവാർഡ് ഓർഗനൈസേഷൻ കമ്മിറ്റി വൈസ് ചെയർമാൻമാരായ ജോസ് മാത്യു, രാജീവ് തോമസ്, റോയ് ജോൺ, സിപി ബാബു, എന്നിവർ സംസാരിച്ചു.
അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ച് നടത്തിയ ഛായാചിത്രരചനാമത്സരത്തിൽ 20 വയസ്സിന് താഴെയുള്ളവരുടെ വിഭാഗത്തിൽ ഒന്നാംസ്ഥാനം വൈഷ്‌ണവി വിനോദ്‌കുമാറിനും( പനവേൽ ) രണ്ടാം സ്ഥാനം ആൻഡ്രു റാഫിക്കും (പനവേൽ ) ലഭിച്ചു .20 വയസ്സിനു മുകളിലുള്ള വിഭാഗത്തിൽ ഒന്നാം സ്ഥാനം
ആനന്ദ് അരിയമ്പാടൻ (കല്യാൺ ),രണ്ടാം സ്ഥാനം രവീന്ദ്രൻ (താക്കുർളി )എന്നിവർക്കും ലഭിച്ചു. ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർക്ക് 3000,1500 രൂപ വീതവും മൊമെന്‍റോയും വിശിഷ്ടാത്ഥികൾ ചടങ്ങിൽ സമ്മാനിച്ചു .
അവാർഡ് കമ്മിറ്റി ജനറൽ കോഡിനേറ്ററും കല്യാൺ ഡോമ്പിവലി ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ ജോയ് മാത്യു സ്വാഗതവും മലയാളി അസോസിയേഷൻ കൊളാബ മാൻകുർഡ് മേഖലാ സെക്രട്ടറി നിമ്മി മാത്യു നന്ദിയും അറിയിച്ചു. സിന്ധു നായർ അവതാരകയായിരുന്നു. അവാർഡുദാനച്ചടങ്ങിനു ശേഷം വിവിധ കലാപരിപാടികളും ,സ്നേഹവിരുന്നുമുണ്ടായിരുന്നു.