മുംബൈ: ഇന്ത്യയിലെ മികച്ച സാമൂഹ്യപ്രവര്‍ത്തകർക്കായുള്ള പ്രഥമ 'ഉമ്മന്‍ ചാണ്ടി അവാര്‍ഡ് മേധാ പട്കറിന് തിങ്കളാഴ്ച സമ്മാനിക്കും. കേരളാ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഇന്ത്യയിലെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് ഓള്‍ മുംബൈ മലയാളി അസോസിയേഷന്‍റെ (AMMA) ആഭിമുഖ്യത്തിലാണ് പ്രഖ്യാപിച്ചത്. ഫലകവും പ്രശസ്തി പത്രവും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് ഉമ്മന്‍ ചാണ്ടി അവാര്‍ഡ്
ഓള്‍ മുംബൈ മലയാളി അസോസിയേഷന്‍റെ ചെയര്‍മാനും മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (MPCC) ജനറല്‍ സെക്രട്ടറിയും ലോക കേരള സഭാംഗവുമായ ജോജോ തോമസാണ് അവാർഡ് പ്രഖ്യാപിച്ചത്.ചടങ്ങിൽ മുഖ്യാതിഥിയായി മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടാതെ മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകനും നിലവിൽ പുതുപ്പള്ളി എം എൽ എ യുമായ ചാണ്ടി ഉമ്മനും സന്നിഹിതനയിരിക്കുമെന്നും സംഘാടകർ അറിയിച്ചു.
ഇന്ന് വൈകീട്ട് 5 മണിക്ക് ഡോംബിവിലി ഈസ്റ്റിലെ പട്ടീദാര്‍ ഭവനില്‍ നടക്കുന്ന ചടങ്ങിലാണ് പുരസ്‌കാരവിതരണം നടക്കുന്നത്. രാജ്യസഭാ എം.പിയും ലോക്മത് ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായ കുമാര്‍ കേത്കര്‍, മുന്‍ എംപിയും മുന്‍ പ്‌ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനും മുംബൈ സര്‍വകലാശാല വൈസ് ചാന്‍സലറുമായ ബൂാല്‍ചന്ദ്ര മുംഗെക്കര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
മേധാ പട്കര്‍
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന മേധാ പട്കര്‍ .നര്‍മ്മദാ ബചാവോ ആന്തോളനിലൂടെയാണ് ലോക ശ്രദ്ധ പിടിച്ചു പറ്റുന്നത്. നര്‍മ്മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടു വരുന്നതോടെ വീടു നഷ്ടപ്പെടുന്ന മധ്യപ്രദേശ് മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിലെ പതിനായിരക്കണക്കിന് ഗ്രാമീണര്‍ക്കു വേണ്ടിയാണ് മേധ ശബ്ദമുയര്‍ത്തിയത്. നാഷണല്‍ അലയന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. വേള്‍ഡ് കമ്മിഷന്‍ ഓഫ് ഡാംസ് ല്‍ അംഗമാണ്. ടൈം മാഗസിനിലെ 20-ാം നൂറ്റാണ്ടിലെ നൂറു ഹീറോകളില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടു. ബദല്‍ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന റൈറ്റ് ലൈവ്‌ലിഹുഡ് അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.