മുംബൈ: മഹാരാഷ്ട്ര എംഎല്‍സി തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയം ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് വൻ ആശ്വാസം. മത്സരിച്ച 9 സീറ്റിലും ബിജെപി, ശിവസേന ഷിന്‍ഡെ വിഭാഗം, എന്‍സിപി അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുകയായിരുന്നു. ബിജെപി പങ്കജ് മുണ്ടെയടക്കം 5 പേരെയും ശിവസേനയും എന്‍സിപിയും 2 പേരെയും വീതമാണ് മത്സര രംഗത്തിറക്കിയത്. മഹാവിഘാസ് അഘാഡി സഖ്യം 3 സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന മഹാരാഷ്ട്രയില്‍ സെമി ഫൈനലായി കാണുന്ന എംഎല്‍സി തെരഞ്ഞെടുപ്പിലെ വിജയം മഹായുതി സഖ്യത്തിന് വൻ ആശ്വാസമാണ് നൽകി. തെരഞ്ഞെടുപ്പ് വിജയം പ്രചാരണായുധമാക്കാനാണ് ബിജെപി നീക്കം. ഇതേ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് അജിത് പവാര്‍ പ്രതികരിച്ചു. വെള്ളിയാഴ്ച രാവിലെയാണ് 11 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 12 പേരാണ് ആകെ മത്സര രംഗത്തുണ്ടായിരുന്നത്. ക്രോസ് വോട്ട് നടന്നില്ലെങ്കില്‍ സഭയിലെ കണക്കുകള്‍ വച്ച് ഈ ഫലം അപ്രതീക്ഷിതമായിരുന്നില്ല. എംഎല്‍എമാരാണ് എംഎല്‍സിമാരെ തെരഞ്ഞെടുക്കുക. രാജ്യത്ത് ഇപ്പോഴും ലജിസ്ലേറ്റീവ് കൗണ്‍സില്‍ നിലവിലുള്ള 6 സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര.