മുംബൈ: പ്രമുഖ നര്‍ത്തകി ഡോ. നീനാപ്രസാദിന്‍റെ മോഹിനിയാട്ടം ബാന്ദ്ര കുര്‍ള കോംപ്‌ളക്‌സിലെ നീതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്‍ററില്‍ ഏപ്രിൽ 25 ന് നടക്കും. വൈകീട്ട് എഴരയ്ക്ക് ദ് ക്യൂബ് തീയറ്ററിലാണ് 'സമ്മോഹനാ - എ മോഹിനിയാട്ടം ഈവ്‌നിങ്' എന്ന പരിപാടി നടക്കുന്നത്. ബാന്ദ്ര കുര്‍ള കോംപ്‌ളക്‌സില്‍ ഉദ്ഘാടനം ചെയ്യപ്പെട്ട പുതിയ കള്‍ച്ചറല്‍ സെന്‍ററില്‍ തുടര്‍ച്ചയായി നടക്കുന്ന ക്‌ളാസിക്കല്‍ ഫെസ്റ്റിവലിന്‍റെ ഭാഗമായാണ് ഈ പരിപാടി.
സംഗീതത്തിന് പ്രാധാന്യം നല്‍കിയുള്ള മോഹിനിയാട്ട കച്ചേരിയാണ് സമ്മോഹനമെന്ന് ഡോ. നീനാപ്രസാദ് പറഞ്ഞു. രണ്ടു വ്യത്യസ്ത തീമുകളാണ് അവതരിപ്പിക്കപ്പെടുന്നത്. സര്‍വംസഹയായ ഭൂമിയാണ് ആദ്യത്തെ തീം. എല്ലാത്തിന്‍റെയും വിളനിലമായ ഭൂമി മനുഷ്യന്‍റെ എല്ലാ ആര്‍ത്തികള്‍ക്കുമപ്പുറം സംരക്ഷിക്കപ്പെടേണ്ടതാണെന്ന സന്ദേശം നൃത്തത്തിലൂടെ അവതരിപ്പിക്കുന്നു. രണ്ടാമത്തേത്, വൈജയന്തിമാലയിലൂടെ പ്രശസ്തമായ അമ്രപാലിയുടെ കഥ സമകാലിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ പുതിയ ഭാവുകത്വത്തില്‍ അവതരിപ്പിക്കുന്നു. ചൊല്‍ക്കെട്ടും തില്ലാനയും അഷ്ടപദിയും ഈ കച്ചേരിയുടെ ഭാഗമായി അവതരിപ്പിക്കപ്പെടുമെന്ന് ഡോ. നീനാ പ്രസാദ് പറഞ്ഞു. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്.