മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം കൊടുക്കുന്ന മഹായുതി മുന്നണി മഹാരാഷ്ട്രയെ കൊള്ളയടിച്ചെന്നും സർക്കാർ ഗുജറാത്തിന്‍റെ നേട്ടത്തിനായാണ് പ്രവർത്തിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ചർച്ച ചെയ്യുന്നതിനായി മുംബൈയിൽ ചേർന്ന പാർട്ടി യോഗത്തിന് ശേഷം, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ പറഞ്ഞു, "മഹാഭ്രഷ്ടയുതി"ക്കെതിരേ പ്രതിപക്ഷം കുറ്റപത്രം തയ്യാറാക്കി പൊതുജനങ്ങൾക്കിടയിലേക്ക് ഇറങ്ങാൻ പോവുകയാണ്. മഹാരാഷ്ട്രയുടെ അഭിമാനം നിലനിർത്താനാണ് പ്രതിപക്ഷമായ എംവിഎ ശ്രമിക്കുന്നത്. ഈ സർക്കാർ ഗുജറാത്തിന്‍റെ നേട്ടത്തിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. മഹാരാഷ്ട്ര കൊള്ളയടിക്കുന്നു, മോഷ്ടിച്ച എല്ലാ സാധനങ്ങളും സൂറത്തിലേക്ക് കൊണ്ടുപോകുന്നു,'' പട്ടോലെ പറഞ്ഞു.
സംസ്ഥാനത്തിന്‍റെ ഭൂമിയും സ്വത്തുക്കളും സർക്കാർ വിൽക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, മഹാരാഷ്ട്രയെ രക്ഷിക്കുന്നത് എംവിഎയുടെ മുൻഗണനയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.