മുംബൈ: ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ രാമക്ഷേത്രം ശുദ്ധീകരിക്കുമെന്ന് എംപിസിസി പ്രസിഡന്റ് നാന പടോലെ. രാമക്ഷേത്ര നിർമാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആചാരങ്ങൾക്കെതിരായാണ് പ്രവർത്തിച്ചതെന്നും പ്രതിപക്ഷ സഖ്യം സർക്കാർ രൂപവത്കരിച്ചാൽ അത് തിരുത്തുമെന്നും നാനാ പടോലെ പറഞ്ഞു.
‘അവിടെയുള്ളത് ശ്രീരാമന്റെ പ്രതിമയല്ല, രാം ലല്ലയുടെ ശിശുരൂപമാണ്. രാമക്ഷേത്ര നിർമാണത്തിൽ ആചാരവിരുദ്ധമായാണ് നരേന്ദ്രമോദി പ്രവർത്തിച്ചത്. ഇത് ഞാൻ പറയുന്നതല്ല. ശരിയായ ആചാരങ്ങൾ പാലിച്ചിട്ടില്ലെന്ന് നാല് ശങ്കരാചാര്യന്മാർ പറഞ്ഞു. ശങ്കരാചാര്യന്മാർ പറഞ്ഞതനുസരിച്ച് ചെയ്യുമെന്നാണ് ഞങ്ങൾ പറയുന്നത്. അവിടെ രാം ദർബാർ സ്ഥാപിക്കും. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ ഞങ്ങൾ രാമക്ഷേത്രം ശുദ്ധീകരിക്കും’ -കോൺഗ്രസ് നേതാവ് പറഞ്ഞു.