മുംബൈ: ഗണേശോത്സവത്തോട് അനുബന്ധിച്ച് നഗരത്തിൽ 14,000ത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കി മുംബൈ പോലീസ്. ആഘോഷവേളയിൽ നഗരത്തിലുടനീളം പോലീസ് സേന ജനക്കൂട്ടത്തെ നിയന്ത്രിക്കുകയും ക്രമസമാധാനം ഉറപ്പാക്കുകയും ചെയ്യും. സ്റ്റേറ്റ് റിസർവ് പോലീസ് ഫോഴ്സ് (എസ്ആർപിഎഫ്), റാപ്പിഡ് ആക്ഷൻ ഫോഴ്സ് (ആർഎഎഫ്), കലാപ നിയന്ത്രണ സേന (ആർസിഎഫ്), ഡെൽറ്റ ഫോഴ്സ്, കോംബാറ്റ് ഫോഴ്സ്, ക്വിക്ക് റെസ്പോൺസ് ടീം (ക്യുആർടി) കമാൻഡോകൾ, ഹോം ഗാർഡുകൾ എന്നിവയുൾപ്പെടെ പ്രത്യേക പോലീസ് യൂണിറ്റുകൾ നിലയുറപ്പിക്കും. വലിയ തിരക്ക് ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ കൂടുതൽ പേർ നിലയുറപ്പിക്കും.
"നഗരത്തിൽ മൊത്തം വിന്യസിച്ചിരിക്കുന്ന പോലീസുകാരുടെ എണ്ണം 14,000 കവിഞ്ഞു. സെപ്റ്റംബർ 17 -ന് ഗണേശോത്സവത്തിന്‍റെ പത്താം ദിവസം അടുക്കുമ്പോൾ 20,000 ആയി വർധിക്കും" ജോയിന്‍റ് പൊലീസ് കമ്മീഷണർ (ക്രമസമാധാനം) സത്യനാരായണ ചൗധരി പറഞ്ഞു.
യൂണിഫോം ധരിച്ചവരും അല്ലാത്തവരുമായ ഉദ്യോഗസ്ഥർ തിരക്കേറിയ പ്രദേശങ്ങൾ നിരീക്ഷിക്കും, പ്രത്യേകിച്ച് ലാൽബൗഗ്ച രാജ, ജിഎസ്ബി സേവാ മണ്ഡല്, ഖേത്വാദിച രാജ, ചിഞ്ച്പൊക്ലിച്ചാ ചിന്താമണി രാജ, മുംബൈച്ച രാജ തുടങ്ങിയ പ്രധാന മണ്ഡലുകൾക്ക് ചുറ്റും. ഈ സ്ഥലങ്ങളിൽ സൂക്ഷ്മ നിരീക്ഷണത്തിനായി അധിക സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
14,000-ത്തോളം വരുന്ന പോലീസ് വിന്യാസത്തിൽ 32 ഡെപ്യൂട്ടി പോലീസ് കമ്മീഷണർമാർ (ഡിസിപി), 34 അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർമാർ (എസിപി), 2,435 ഓഫീസർമാർ, 12,420 കോൺസ്റ്റബിൾമാർ എന്നിവരും ഉൾപ്പെടുന്നു. ദാദർ ചൗപാട്ടി, ഗിർഗാം ചൗപാട്ടി, ജുഹു ചൗപാട്ടി, അക്സ ബീച്ച് എന്നിവയുൾപ്പെടെയുള്ള പ്രധാന നിമജ്ജന കേന്ദ്രങ്ങളിൽ സിസിടിവി നിരീക്ഷണം ഉപയോഗിച്ച് ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ താത്കാലിക കൺട്രോൾ റൂമുകൾ സ്ഥാപിച്ചിട്ടുണ്ട്.