നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തിൽ കർക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃബലിതർപണത്തിനായി സമിതിയുടെ വിവിധ ഗുരുസെന്‍ററുകളിലും ഗുരുദേവഗിരിയിലും വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു
നെരൂൾ ഗുരുദേവഗിരി
ആഗസ്റ്റ് 3 നു പുലർച്ചെ 5 .30 മുതൽ 12 വരെയാണ് ഗുരുദേവഗിരിയിൽ ബലിതർപ്പണം നടത്തുക. ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയിൽ നടക്കുന്ന ബലിതർപ്പണം ഒരു മണിക്കൂർ വീതമുള്ള ബാച്ചുകളായി 12 മണിവരെ തുടരും. 11 നു പിതൃക്കളുടെ ആത്മശാന്തിക്കായുള്ള തിലസായൂജ്യ ഹോമം നടക്കും. 4 നു ഞായറാഴ്ചയും അമാവാസി ഉള്ളതിനാൽ അന്നും ബലിയി ഡാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സൗകര്യവും ഗുരുദേവഗിരിയിൽ ഉണ്ടായിരിക്കും. 4 നു രാവിലെ 7 .30 നായിരിക്കും ബലിയിടൽ കർമം നടക്കുക. ദൂരെദിക്കുകളിൽ നിന്നുള്ളവർക്ക് തലേ ദിവസം ഇവിടെ എത്തി താമസിച്ചു പുലർച്ചെ കുളിച്ചു ബലിയിട്ടു മടങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ബലിതർപ്പണത്തിനുശേഷം ലഘു ഭക്ഷണവും ഉണ്ടായിരിക്കും.
രാമായണ മാസാചരണത്തിന്‍റെ ഭാഗമായി ആരംഭിച്ചിട്ടുള്ള കർക്കടക പൂജ ആഗസ്റ്റ് 16 വരെ തുടരും. എന്നും രാവിലെ ഗണപതി ഹോമം, വിശേഷാൽ അർച്ചന, അഭിഷേകം. തുടർന്ന് രാമായണ പാരായണം. വൈകീട്ട് 7.15 മുതൽ ഭഗവതി സേവ. തുടർന്ന് മഹാപ്രസാദം . ഭക്തർക്ക് അവരവരുടെ നാളുകളിൽ കർക്കടക പൂജ, അന്നദാനം എന്നിവ നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട്. ആഗസ്റ്റ് 10 നു വൈകീട്ട് 7.15 മുതൽ സമൂഹ മഹാമൃത്യുഞ്ജയ ഹോമവും ആഗസ്റ്റ് 15 നു സർവൈശ്വര്യ പൂജയുംഉണ്ടായിരിക്കും. വിവരങ്ങൾക്ക് 7304085880 , 9004143880 , 9892045445
മലാഡ് ഗുരുശാരദാ ക്ഷേത്രം
കുരാർ ഗുരു ശാരദാ മഹേശ്വര ക്ഷേത്രാങ്കണത്തിൽ ഈ വർഷത്തെ കർക്കടക വാവുബലി ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങൾ ഒരുക്കുന്നു. ഓഗസ്റ്റ് 4 ന് രാവിലെ 6 മണിക്ക് ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽ ശാന്തി നേതൃത്വം നൽകും. ബലി തർപ്പണത്തിന് എത്തുന്ന ഭക്ത ജനങ്ങൾക്ക് അപ്പപ്പോൾ തന്നെ ബലി തർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് യൂണിറ്റ് സെക്രട്ടറി വിനേഷ് പി. അറിയിച്ചു. ഫോൺ : 9920437595 .
മീരാറോഡ് ഗുരുസെന്‍റർ
ശ്രീനാരായണ മന്ദിര സമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൽ ആഗസ്റ്റ് 3 ന് ശനിയാഴ്ച രാവിലെ സദാനന്ദൻ ശാന്തി, അമ്പാടി ശാന്തി എന്നിവരുടെ മുഖ്യ കാമികത്വത്തിൽ രാവിലെ 6 മുതൽ 10വരെ കർക്കിടകവാവ് ബലിതർപ്പണം, പിതൃ നമസ്കാരം, തിലഹവനം എന്നിവ ഉണ്ടായിരിക്കുമെന്നു യൂണിറ്റ് സെക്രട്ടറി സുമിൻ സോമൻ അറിയിച്ചു. ബലിതർപ്പണത്തിനു ശേഷം ലഘു ഭക്ഷണവും ഉണ്ടായിരിക്കും. ഫോൺ: 9892884522 , 9833260420 .