നീലക്കുറിഞ്ഞി പരീക്ഷ പാസായ വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുംബൈ മലയാളം മിഷന്‍ സംഘം

മലയാളം മിഷന്‍ നടത്തിയ പ്രഥമ നീലക്കുറിഞ്ഞി പരീക്ഷയില്‍ മുംബൈ ചാപ്റ്റര്‍ നൂറു ശതമാനം വിജയം നേടിയിരുന്നു
mumbai malayalam mission team left to participate in the convocation program
നീലക്കുറിഞ്ഞി പരീക്ഷ പാസായ വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ മുംബൈ മലയാളം മിഷന്‍ സംഘം
Updated on

മുംബൈ: ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി മാതൃഭാഷയില്‍ പ്രവാസലോകത്തെ കുട്ടികള്‍ക്ക് ഭാഷാപ്രാവീണ്യ തുല്യത നല്‍കുന്ന നീലക്കുറിഞ്ഞി [സീനിയര്‍ ഹയര്‍ ഡിപ്ലോമ കോഴ്സ്] പരീക്ഷ പാസായ വിദ്യാര്‍ഥികളുടെ കോണ്‍വൊക്കേഷന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ചാപ്റ്റര്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ഞായറാഴ്ച പുറപ്പെട്ടു.

മലയാളം മിഷന്‍ നടത്തിയ പ്രഥമ നീലക്കുറിഞ്ഞി പരീക്ഷയില്‍ മുംബൈ ചാപ്റ്റര്‍ നൂറു ശതമാനം വിജയം നേടിയിരുന്നു. മുംബൈ ചാപ്റ്ററിന്റെ നാല് മേഖലകളില്‍ നിന്നായി പരീക്ഷയെഴുതിയ 21 പേരും വിജയിച്ചു.

സെപ്തംബര്‍ 10 മുതല്‍ 13 വരെ കോവളം കേരള ആര്‍ട്ട്സ് & ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കുന്ന ബോധി ഗുരു മലയാളം അധ്യാപക സഹവാസ ക്യാമ്പില്‍ നീലക്കുറിഞ്ഞി പരീക്ഷ വിജയികളുടെ അധ്യാപകരും മലയാളം മിഷന്‍ വിദ്യാര്‍ഥികളുടെ സര്‍ഗാത്മക സഹവാസ ക്യാമ്പില്‍ നീലക്കുറിഞ്ഞി പരീക്ഷ പാസായ വിദ്യാര്‍ഥികളും ചാപ്റ്റര്‍ ഭാരവാഹികളും പങ്കെടുക്കും.

സെപ്തംബർ 13 വൈകുന്നേരം 3 മണിക്ക് കോൺവൊക്കേഷൻ പരിപാടികളുടെ ഉദ്ഘാടനവും നീലക്കുറിഞ്ഞി സർട്ടിഫിക്കറ്റ് വിതരണവും ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥി ആയിരിക്കും.

ഭാഷാ ചരിത്രത്തിന്‍റെ ഭാഗമാകാൻ മലയാളം മിഷൻ മുംബൈ ചാപ്റ്ററിൽ നിന്ന് നീലക്കുറിഞ്ഞി പാസായ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും അടക്കം അമ്പതിലേറെ ആളുകളാണ് സംഘത്തിൽ ഉള്ളത്. നീലക്കുറിഞ്ഞി പാസായ വിദ്യാർത്ഥികള്‍ക്ക് മികച്ച പരിശീലനം നല്‍കിയ എല്ലാ അധ്യാപകരെയും ആദരിക്കുന്നുമുണ്ട്.

ക്യാമ്പിന്‍റെ ഭാഗമായി പ്രശസ്ത ഗായകന്‍ അലോഷി നയിക്കുന്ന ‘പാടുന്ന ക്ലാസ് മുറികൾ’, ഉദയൻ കുണ്ടങ്കുഴി നയിക്കുന്ന ‘നാടകക്കളരി’, കവികളായ സുമേഷ് കൃഷ്ണൻ, സുകുമാരൻ ചാലിഗദ്ദ, ഡോ. അനിൽകുമാർ എന്നിവർ നയിക്കുന്ന ‘ആറു മലയാളിക്ക് നൂറു മലയാളം’, ഡോ പി.കെ. രാജശേഖരൻ നയിക്കുന്ന ‘ശുദ്ധ മലയാളം’, ഡോ. അച്യുത് ശങ്കര്‍ നയിക്കുന്ന ‘ഭാഷാതാളം’,

ഡോ.സി.ജെ.കുട്ടപ്പന്‍ നയിക്കുന്ന ‘നാട്ടറിവ്-നാടന്‍പാട്ട്’, ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമി നയിക്കുന്ന ‘ഗുരുദര്‍ശനം വര്‍ത്തമാനകാല പ്രസക്തി’, ഡോ.എം.എ. സിദ്ധിക്ക്, ഗിരീഷ്‌ പുലിയൂര്‍ എന്നിവര്‍ നയിക്കുന്ന ‘ഗുരുപൂര്‍ണിമ’ ലിപിന്‍ രാജ് എം.പി, ഐ.എ.എസ് നയിക്കുന്ന ‘ആത്മവിശ്വാസം’, ഗായത്രി വര്‍ഷ നയിക്കുന്ന ‘സംസ്കാരത്തിന്‍റെ സ്ത്രീപക്ഷം’ തുടങ്ങിയ പരിപാടികളും ഉണ്ടായിരിക്കുമെന്ന് രാമചന്ദ്രന്‍ മഞ്ചറമ്പത്ത് (സെക്രട്ടറി, മലയാളം മിഷന്‍ മുംബൈ ചാപ്റ്റര്‍) അറിയിച്ചു.

Trending

No stories found.

Latest News

No stories found.