മുംബൈ: മുംബൈയിൽ മുതിർന്ന പൗരന്റെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് 1.70 ലക്ഷം രൂപ കവർന്നു. ശനിയാഴ്ച രാത്രിയാണ് ഗോരേഗാവ്-മുലുണ്ട് ലിങ്ക് റോഡിൽ (ജിഎംഎൽആർ) പൈപ്പ് ലൈൻ പാലത്തിന് സമീപം മുളുണ്ടിൽ ബിസിനസ് സ്ഥാപനം നടത്തുന്ന ലളിത് പഞ്ചാബിയെ (61) രണ്ടു പേരടങ്ങുന്ന സംഘം മുളക് പൊടി കണ്ണിൽ വിതറി പണം തട്ടിയെടുത്തത്. 1.70 ലക്ഷം രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്. മുളുണ്ട് കോളനിയിലെ താമസക്കാരനാണ് ലളിത് പഞ്ചാബി. അജ്ഞാതർക്കെതിരെ പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) രജിസ്റ്റർ ചെയ്തതെന്ന് മുളുണ്ട് പോലീസ് അറിയിച്ചു.
ലളിത് പഞ്ചാബി ഓഫീസിൽ നിന്നും ജിഎംഎൽആർ റോഡ് വഴി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശനിയാഴ്ച്ച രാത്രി 7:30 ഓടെയാണ് സംഭവം നടന്നത്.'പൈപ്പ് ലൈൻ പാലത്തിന് സമീപം ബൈക്ക് എത്തിയപ്പോൾ രണ്ട് അജ്ഞാതർ വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.അതിൽ ഒരാൾ എന്തോ ചോദിക്കാനെന്ന വ്യാജേന പഞ്ചാബിയുടെ അടുത്തേക്ക് വരികയും മുഖത്തേക്ക് മുളക് പൊടി വിതറുകയുമാ യിരുന്നു. ഈ തക്കത്തിൽ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് കവർച്ചക്കാർ ഓടി പോകുകയായിരുന്നുവെന്ന്' പോലിസ് പറഞ്ഞു.
ശേഷം ലളിത് പഞ്ചാബി ഉടൻ തന്നെ പോലീസ് സഹായത്തിനായി 100 ഇൽ ഡയൽ ചെയ്യുകയും തുടർന്ന് പോലിസ് നിർദേശ പ്രകാരം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ നിർദ്ദേശം നൽകുകയും ചെയ്തു.പോലിസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 309(6) (കവർച്ച നടത്തുകയും മുറിവേൽപ്പിക്കുകയും ചെയ്യുക) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കേസ് അന്വേഷണം ആരംഭിച്ചതായും ഇതിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ കഴിയുമെന്നും പോലിസ് പറഞ്ഞു. അതേസമയം പ്രദേശത്ത് ഇത്തരം സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നവർ ആശങ്കയിൽ ആണെന്ന് മുലുണ്ട് സ്വദേശിയും മലയാളിയുമായ കിരൺ പറഞ്ഞു.