മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നു ഭീഷണി മുഴക്കിയ യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്‌ട്രയിലെ താനയെക്കു സമീപം ഉല്ലാസ്നഗർ സ്വദേശി ഫാത്തിമ ഖാനാണ് (24) പിടിയിലായത്. ഇൻഫൊർമേഷൻ ടെക്നോളജിയിൽ ബിരുദം നേടിയ യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നു പൊലീസ്.
ശനിയാഴ്ച വൈകിട്ടാണു യോഗി ആദിത്യനാഥിനെതിരേ വധഭീഷണി ഉയർന്നത്. ജീവൻ വേണമെങ്കിൽ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നും പൊലീസിനു ലഭിച്ച അജ്ഞാത ഫോൺ സന്ദേശത്തിൽ പറഞ്ഞിരുന്നു. രാജിവച്ചില്ലെങ്കിൽ 10 ദിവസത്തിനകം കൊല്ലപ്പെടുമെന്നും അടുത്തിടെ വെടിയേറ്റു മരിച്ച എൻസിപി നേതാവ് ബാബാ സിദ്ദിഖിയുടെ വിധിയായിരിക്കും കാത്തിരിക്കുന്നതെന്നുമായിരുന്നു സന്ദേശം.