നാഗ്പുർ: ആത്മാഭിമാനം പണയപ്പെടുത്താനാവില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് കോടതി മുറിക്കുള്ളിൽ രാജി തീരുമാനം അറിയിച്ച ബോംബെ ഹൈക്കോടതി ജഡ്ജി രോഹിത് ദേവിന്‍റെ തീരുമാനത്തിലെ ദുരൂഹത തുടരുന്നു.
ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിൽ പ്രവർത്തിച്ചിരുന്ന ജസ്റ്റിസ് ദേവ് വെള്ളിയാഴ്ചയാണ് നാടകീയമായി രാജി പ്രഖ്യാപിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പിന്നീട് മാധ്യമങ്ങളോടു പറഞ്ഞെങ്കിലും, ആത്മാഭിമാനത്തെക്കുറിച്ച് നടത്തിയ പരാമർശമാണ് ദുരൂഹത ഉയർത്തിയത്.
മഹാരാഷ്ട്രയുടെ അഡ്വക്കറ്റ് ജനറലായിരുന്ന രോഹിദ് ദേവ് 2017ലാണ് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനാകുന്നത്. 2019ൽ സ്ഥിരം ജഡ്ജിയായി. 2025 വരെ സേവന കാലാവധി ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിത രാജി.
രാജ്യവ്യാപകമായി ചർച്ച ചെയ്യപ്പെട്ട ചില വിധികൾ ബോംബെ ഹൈക്കോടതി ജഡ്ജി എന്ന നിലയിൽ അദ്ദേഹം പുറപ്പെടുവിച്ചിട്ടുണ്ട്.
സുപ്രധാന വിധികൾ
ഡൽഹി യൂണിവേഴ്സിറ്റി മുൻ പ്രൊഫസർ ജി.എൻ. സായിബാബയുടെ ജീവപര്യന്തം ശിക്ഷ റദ്ദാക്കി, അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയ വിധി ജസ്റ്റിസ് ദേവിന്‍റേതായിരുന്നു. ഈ വിധി സുപ്രീം കോടതി പിന്നീട് റദ്ദാക്കുകയും, നാഗ്പൂർ ബെഞ്ചിൽ തന്നെ മറ്റൊരു ജഡ്ജിയുടെ പരിഗണനയ്ക്കു വിടുകയും ചെയ്തിരുന്നു.
നാഗ്പുർ-മുംബൈ സമൃദ്ധി എക്സ്പ്രസ്‌വേ കരാറുകാർ അനധികൃതമായി ഖനനം നടത്തിയതിനെതിരായ നടപടി റദ്ദാക്കാനുള്ള സംസ്ഥാന സർക്കാരിന്‍റെ തീരുമാനത്തിനെതിരേ കഴിഞ്ഞ ജനുവരിയിൽ ജസ്റ്റിസ് ദേവിന്‍റെ വിധിയുണ്ടായിരുന്നു.
ആർഎസ്എസ് ആസ്ഥാനത്തിനു നൽകുന്ന സുരക്ഷയെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം ചോദ്യം ഉന്നയിച്ചതിന്‍റെ പേരിൽ പൊലീസിന്‍റെ നോട്ടീസ് കിട്ടിയ ആക്റ്റിവിസ്റ്റിന്‍റെ ഹർജിയാണ് ജസ്റ്റിസ് ദേവ് കൈകാര്യം ചെയ്ത മറ്റൊരു വിവാദ വിഷയം. സർക്കാർ അഭിഭാഷകൻ കോടതി മുറിയിൽ ആക്റ്റിവിസ്റ്റിനോട് മാപ്പ് പറഞ്ഞതിനെത്തുടർന്ന് ഈ ഹർജി തീർപ്പാക്കുകയായിരുന്നു.
കൊവിഡ്-19 ലോക്ക്ഡൗൺ സമയത്ത്, ചട്ടലംഘനം നടത്തുന്നവർക്കെതിരേ പൊലീസ് അപരിഷ്കൃതമായ ശിക്ഷാ നടപടികൾ സ്വീകരിച്ചതിനെ അദ്ദേഹം വിമർശിച്ചിരുന്നു.