മുംബൈ: നേത്രാവതി എക്സ്പ്രസ് ഒരു മാസ കാലം എൽടിടിയിൽ നിന്നും പൻവേലിലേക്ക് ആക്കിയതിനെ സംബന്ധിച്ച് മഹാരാഷ്ട്ര റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികളായ ഉണ്ണികൃഷ്ണൻ ചിടങ്ങിൽ, ശിവപ്രസാദ് നായർ, രഘുനാഥൻ നായർ, ജയചന്ദ്രൻ സിബിഡി ബേലാപ്പൂർ, മായാദേവി സയൺ, സുമി ജെൻട്രി എന്നിവർ പനവേൽ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേർന്ന് പ്രതിഷേധിച്ചു. നേത്രാവതി എക്സ്പ്രസിന്‍റെ യാത്ര എൽ ടി ടി യിൽ നിന്ന് മാറ്റി പൻവേലിൽ നിന്ന് തുടങ്ങുന്നത് മൂലം മുംബൈയിലെ യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ചർച്ചചെയ്യുകയും പ്രതീക്ഷേധിക്കുകയും ചെയ്തു. ഇതിനെതിരെ സംഘടന അധികൃതരെ കാണുന്നുണ്ടെന്നും വരുംനാളുകളിൽ ഇതിന്‍റെ വിവരങ്ങൾ അറിയാൻ കഴിയുമെന്നും പറഞ്ഞു.
പൻവേൽ സ്റ്റേഷനിൽ യാത്രക്കാർക്ക് വേണ്ട സൗകര്യങ്ങൾ വളരെ കുറവാണെന്നും അതിനാൽ ഒരുപാട് യാത്രക്കാർ ബുദ്ധിമുട്ടുന്നത് നേരിൽ കാണുന്നുണ്ടെന്നും രഘുനാഥൻ നായർ പറഞ്ഞു. മാത്രമല്ല മുംബൈയിലെ പല സ്ഥലങ്ങളിൽ നിന്ന് ഇവിടെ വന്നു ട്രെയിൻ പിടിക്കുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം നിരവധി യാത്രക്കാരും ട്രെയിൻ പൻവേലിൽ നിന്നും ആക്കിയതിനെ തുടർന്ന് വലിയ ബുദ്ധിമുട്ട് അനുഭവിച്ചതായി പറഞ്ഞു.കണ്ണൂർ സ്വദേശിയായ ജൂറൈജും കുടുംബവും നേത്രാവതി പിടിക്കാൻ ഗോരെഗാവിൽനിന്നുമാണ് പൻവേലിൽ എത്തിയത്. ഒരുപാട് സാമ്പത്തിക ശാരീരിക ബുദ്ധിമുട്ട് ഇതിനുവേണ്ടി അനുഭവിച്ചതായി ഈ കുടുംബം പറഞ്ഞു. അതിനാൽ റെയിൽവെ എത്രയും പെട്ടെന്നു തന്നെ ഈ തീരുമാനം പിൻവലിക്കണമെന്നും യാത്ര എൽ ടി ടി യിൽ നിന്നും തന്നെ ആക്കണമെന്നും ജുറൈജ് പറഞ്ഞു.
"പ്രത്യേകിച്ചും മൺസൂൺ കാലത്ത് ലോക്കൽ ട്രെയിൻ പോലും സമയത്ത് ആയിരിക്കില്ല പലപ്പോഴും ഓടുന്നത്, അതിനാൽ തന്നെ നമുക്ക് അതിനെ മാത്രം ആശ്രയിക്കാൻ കഴിയില്ല, അതുകൊണ്ട് ഞങ്ങൾ ഉബർ വിളിച്ചാണ് മിരാറോഡിൽ നിന്നും ഇവിടെ പൻവേൽ എത്തി ചേർന്നത്. ഒരുപാട് ബുദ്ധിമുട്ട് സഹിച്ചപ്പോൾ ട്രെയിൻ വൈകുന്നേരം മാത്രമേ പോവുകയുള്ളൂ എന്ന വിവരവും കിട്ടി ". തൃശ്ശൂരിലേക്കുള്ള മറ്റൊരുയാത്ര കാരനായ പ്രമോദ് പറഞ്ഞു. "ഞങ്ങൾ വരുന്നത് മസ്ക്കറ്റിൽ നിന്നാണ്. കേരളത്തിലേക്ക് ടിക്കറ്റ് ചാർജ് കൂടുതൽ ആയത് കൊണ്ടാണ് മുംബൈ വഴി പോകാൻ തീരുമാനിച്ചത്, എന്നാൽ മുംബൈ വഴി വന്നപ്പോഴാണ് ട്രെയിൻ പൻവേലിൽ നിന്നും ആക്കിയത് എന്നറിഞ്ഞത്. വേറെ മാർഗം ഇല്ലാത്തതിനാൽ ഇവിടേക്ക് തന്നെ വരേണ്ടി വന്നു. ഒരുപാട് ലഗേജ് ഉള്ളതിനാൽ ശാരീരിക സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചതയും മലപ്പുറത്തേക്ക് പോവുകയായിരുന്ന രണ്ടു യാത്രക്കാർ "അവരുടെ അനുഭവം പങ്കുവെച്ചു.