മുംബൈ: സീൽ ആശ്രമത്തിന്‍റെ മഴയെത്തും മുമ്പേ എന്ന ക്യാമ്പയിന്‍റെ സമാപന സമ്മേളനം ഞായറാഴ്ച്ച വാഷിയിൽ വെച്ച് നടത്തപ്പെട്ടു.അന്നേ ദിവസം വൈകീട്ട് 4 മണിക്ക് വാഷി സെക്ടർ 8 ലുള്ള അലയൻസ് ചർച്ചിലാണ് സമാപന സമ്മേളനം നടന്നത്.ചടങ്ങിൽ മഹാരാഷ്ട്ര സംസ്ഥാന ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ചെയ്യർപേഴ്സൺ ജസ്റ്റിസ് കെ കെ താട്ടെട് മുഖ്യാഥിതി ആയിരുന്നു.സമ്മേളനത്തിൽ ന്യുനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഡോ. എബ്രഹാം മത്തായി, മുൻ NMMT ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ശശി ദാമോദരൻ, വ്യവസായി ഡോ. രാമകൃഷ്ണൻ ആർ എന്നിവരും സീലിന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി. ചടങ്ങിൽ കാർണിവൽ & മെട്രോ വാർത്ത ഗ്രൂപ്പ് എം ഡി പ്രശാന്ത് നാരായണൻ, അംച്ചി മുംബൈ ഡയറക്ടർ പ്രേംലാൽ എന്നിവരെ ആദരിച്ചു.
അതേസമയം മഹാരാഷ്ട്ര ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ ചെയ്യർപേഴ്സൻ ജസ്റ്റിസ് താട്ടെഡ് തന്‍റെ പ്രസംഗത്തിൽ സീലിന്‍റെ പ്രവർത്തനങ്ങളെ കുറിച്ചും സീൽ സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനത്തെ കുറിച്ചും പറയുകയുണ്ടായി. സീലിന്‍റെ പ്രവർത്തനം പലരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്.തെരുവിൽ കിടക്കുന്ന ആരോരുമില്ലാത്തവരെ എടുത്ത് കൊണ്ട് വന്ന് അസുഖമുള്ളവരെ ചികിൽസിച്ചു അസുഖം മാറ്റുന്നു.അവർക്ക് ഭക്ഷണവും പാർപ്പിടവും നൽകുന്നതോടൊപ്പം പുതിയ ജീവിതത്തിലേക്ക് കൊണ്ട് വരുന്നു.ഈ കർമ്മമാണ് ശരിയായ മനുഷ്യാവകാശ പ്രവർത്തനം.അതാണ് നിങ്ങൾ ചെയ്യുന്നത്.ഫാദർ ഫിലിപ്പിനോടൊപ്പം മക്കളും ഇതിൽ അണി ചേരുന്നത് വലിയ മതിപ്പാണ് ഉളവാക്കിയത്.വേറെയൊരു വിയോജിപ്പ് എനിക്ക് ഉള്ളത് ഇന്നത്തെ ഈ പരിപാടിയെ ക്ലോസിങ് സെറിമണി എന്ന് പേരിട്ടതിനാലാണ്.ഈയൊരു കർമ്മം സീൽ ഒരിക്കലും നിർത്താൻ പോകുന്നില്ല.അതുകൊണ്ട് ആ പേര് യോജിക്കുന്നില്ല.മുന്നോട്ടുള്ള യാത്രയിൽ ചെയ്യർപേഴ്സൺ എന്ന നിലയിൽ എന്‍റെ എല്ലാവിധ പിന്തുണയും ഞാൻ വാഗ്ദാനം ചെയ്യുന്നു. എന്ത് ആവശ്യത്തിനും സീലിന് എന്നെ സമീപിക്കാമെന്നും" അദ്ദേഹം വേദിയിൽ പറഞ്ഞു.
മൈനൊരിറ്റി കമ്മീഷൻ മുൻ വൈസ് ചെയർമാൻ ഡോ. എബ്രഹാം മത്തായി യുടെ പ്രതികരണം ഇങ്ങനെയായിരുന്നു "കഴിഞ്ഞ 24 വർഷമായി എനിക്ക് സീലുമായി ബന്ധമുണ്ട്.സീലിൻ്റെ രക്ഷാധികാരിയായതിൽ അഭിമാനമുണ്ട്.ഞാൻ നിരവധി എൻജിഒകൾ സന്ദർശിച്ചിട്ടുണ്ട്, പക്ഷേ സീൽ എന്നത് അതിൽ നിന്നെല്ലാം എത്രയോ വ്യത്യസ്ത മാണ്.എനിക്ക് കാണാൻ കഴിയുന്ന വ്യത്യാസം, ഇത് ഒരു സ്ഥാപനമല്ല വലിയ കുടുംബമാണ് എന്നതാണ്". അദ്ദേഹം പറഞ്ഞു.
എന്നാൽ സീലിന്‍റെ യാത്രയിൽ ഒപ്പം ചേരാൻ കഴിഞ്ഞത് വളരെ വലിയ ഒരു ഭാഗ്യമായി കാണുന്നു എന്നാണ് വ്യവസായിയും സാമൂഹ്യക പ്രവർത്തനുമായ ഡോ. രാമകൃഷ്ണൻ ആർ പറഞ്ഞത്. മുന്നോട്ടും സീലിന്‍റെ പ്രവർത്തനങ്ങൾക്കും കൂടെ ഉണ്ടാകുമെന്നും
റാഫയുടെ (പുതുതായി രക്ഷപ്പെടുത്തിയ ആളുകൾക്കുള്ള താമസസ്ഥലം) നിർമ്മാണ പ്രവർത്തനങ്ങളിൽ സീലുമായി സഹകരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഭാവിയിലും ഈ ബന്ധം തുടരുമെന്നും ഡോ.രാമകൃഷ്ണൻ ആർ കൂട്ടിച്ചേർത്തു.
"നവി മുംബൈ, താനെ മേഖലകളിൽ നിന്നുള്ള പോലീസ് കമ്മീഷണർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും സമാജങ്ങളുടെയും പിന്തുണയോടെയാണ് Rescunite 2024ന്റെ മഴയെത്തും മുൻപേ എന്ന കാമ്പെയ്ൻ പൂർത്തിയാക്കിയത്.ഈ മിഷനോട് കൂടി തെരുവുകളിൽ നിന്ന് ആളുകളെ രക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ കുറച്ച് പേരിലെങ്കിലും ഒരു അവബോധം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നാണ് വിശ്വാസം .ഒത്തൊരുമിച്ച് പ്രവർത്തിച്ചാൽ വരും ദിവസങ്ങളിലും ഇതുപോലെ നിരവധി ജീവൻ രക്ഷിക്കാൻ നമുക്ക് കഴിയും.ഇത്തരം പ്രവർത്തനങ്ങൾ തുടരണം, സർക്കാർ ഉദ്യോഗസ്ഥരുടെയും ആധാർ ബയോമെട്രിക്‌സിൻ്റെയും പിന്തുണയിലൂടെ കൂടുതൽ വ്യക്തികളെ അവരുടെ കുടുംബങ്ങളെ കണ്ടെത്തി അവരുടെ വീടുകളിലേക്ക് എത്തിക്കാൻ നമുക്ക് കഴിയണം.ഭാവിയിൽ കൂടുതൽ ആളുകളെ രക്ഷപ്പെടുത്തി വീണ്ടും ഒന്നിപ്പിക്കുക എന്നതാണ് ലക്ഷ്യം, കഴിയുന്ന വിധത്തിൽ ഓരോരുത്തരും സീലിനോടൊപ്പം ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നു". പാസ്റ്റർ കെ എം ഫിലിപ്പ് പ്രതികരിച്ചു.
നഗരത്തിന്‍റെ തെരുവുകളിൽ നിന്ന് നിരാലംബരായി കഴിയുന്ന 140 അരികു ജീവിതങ്ങളെ 30 ദിവസം കൊണ്ട് രക്ഷിച്ച സീലിന്‍റെ മഴയെത്തുംമുമ്പെ എന്ന ദൗത്യത്തിന് ഏകദേശം രണ്ടാഴ്ച്ച മുമ്പ് പര്യവസാനമായിരുന്നു. തെരുവിൽ കഴിയുന്ന അശരണരെ രക്ഷിക്കാൻ പനവേലിലെ സീൽ ആശ്രമവും നഗരത്തിലെ സാമൂഹ്യ സാംസ്കാരിക സംഘടനകളും സാമൂഹ്യ പ്രവർത്തക ലൈജി വർഗീസും ഒരു പറ്റം യുവാക്കളും ചേർന്ന് മേയ് 22 ന് തുടങ്ങിയ മഴയെത്തുംമുമ്പെ എന്ന യത്നം ജൂൺ 20 വെകിട്ടാണ് കൊടിയിറങ്ങിയത്. 140 പേരെയാണ് ജൂൺ 20 വരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് തെരുവിൽ നിന്ന് മാറ്റിയത്.നവി മുംബൈയിൽ തുടങ്ങിയ മഴയെത്തുംമുമ്പെ വമ്പിച്ച പ്രതികരണങ്ങളെ തുടർന്ന് താനെ മുതൽ കല്യാൺ വരെയുള്ള പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.
മഴയെത്തുംമുമ്പേ രക്ഷാപ്രവർത്തനത്തിൽ എഴുപതിൽ പരം പേരെയാണ് നവി മുംബൈ തെരുവുകളിൽ നിന്ന് രക്ഷിച്ചത്. അത്രയും തന്നെ ആളുകളെ താനെ - കല്യാൺ മേഖലയിൽ നിന്ന് രക്ഷിക്കുകയായിരുന്നു.നവി മുംബൈ മേഖലയിലെ മികച്ച വിജയവും പക്വമായ രക്ഷാപ്രവർത്തനവും കണ്ട് നിരവധി ആളുകൾ താനെ, മുംബൈ, കല്യാൺ, ഡോംബിവിലി,മീരാ റോഡ്, ഭയാന്തർ എന്നിവടങ്ങളിൽ നിന്ന് വന്ന തുടരെത്തുടരെയുള്ള അപേക്ഷകളാണ് മഴയെത്തുംമുമ്പെ എന്ന രക്ഷാദൗത്യത്തെ ഹ്രസ്വമായ കാലയളവിൽ താനെ - കല്യാൺ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.