മുംബൈ: മഹാ വികാസ് അഘാഡിയിൽ (എംവിഎ) ഭിന്നതകളില്ലെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാടുമെന്നും മഹാരാഷ്ട്രയുടെ എഐസിസി ചുമതലയുള്ള രമേശ് ചെന്നിത്തല ഇന്ന് പറഞ്ഞു.
സീറ്റ് വിഭജനം സംബന്ധിച്ച് പ്രതിപക്ഷ സഖ്യത്തിന്‍റെ നേതാക്കൾ ഉടൻ മറ്റൊരു ചർച്ച നടത്തുമെന്നും മുൻ കേരള ആഭ്യന്തര മന്ത്രി പറഞ്ഞു. മഹാ വികാസ് അഘാഡി (എംവിഎ) ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടും. അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. സീറ്റ് വിഭജനം സംബന്ധിച്ച് രണ്ട് റൗണ്ട് ചർച്ചകൾ നടന്നു. സെപ്റ്റംബർ ഒന്നിന് ഞങ്ങളുടെ നേതാക്കൾ മറ്റൊരു റൗണ്ട് ചർച്ചകൂടിനടത്തും," അദ്ദേഹം നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഓഗസ്റ്റ് 29ന് രാവിലെ നാഗ്പൂർ നഗരത്തിലെത്തിയ ചെന്നിത്തല വൈകിട്ട് യവത്മാലിൽ ഒരു കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കും.
പ്രതിപക്ഷ സഖ്യത്തിന്‍റെ മുഖ്യമന്ത്രി മുഖം ആരായിരിക്കുമെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് "ഞങ്ങളുടെ മുഖം എംവിഎയാണ്, ഞങ്ങൾ എംവിഎയുടെ പേരിൽ തിരഞ്ഞെടുപ്പിനെ നേരിടുന്നു മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കുമെന്നും പറഞ്ഞു.