മുംബൈ: മുംബൈ ഡിവിഷനിൽ മൂന്ന് ദിവസത്തിനുള്ളിൽ അഞ്ച് മൊബൈൽ ഫോൺ മോഷ്ടാക്കളെ ആർപിഎഫ് പിടികൂടി. ഇവരിൽ നിന്ന് മോഷ്ടിച്ച നിരവധി ഫോണുകളും കണ്ടെടുത്തു. “ക്രൈം പ്രിവൻഷൻ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിലെ ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനുകളിലും സ്റ്റേഷനുകളിലും പരിശോധന നടത്തി വരികയാണ്. സംശയമുള്ളവരെ ചോദ്യം ചെയ്യുകയും കൂടുതൽ അന്വേഷിക്കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായമാണ് മോഷ്ട്ടാക്കൾ പിടിക്കപ്പെട്ടത്". സംഭവം സ്ഥിരീകരിച്ചുകൊണ്ട് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഫെബ്രുവരി 14 ന് രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, സംശയാസ്പദമായ രീതിയിൽ കുർള സ്റ്റേഷനിൽ വെച്ച് റിസ്വാൻ ഷെയ്ഖ് എന്ന പ്രതിയെ പിടികൂടിയിരുന്നു. മൻഖുർദ് സ്വദേശിയായ യാത്രക്കാരനിൽ പ്രതി 22,999 രൂപ വിലയുള്ള ഫോൺ മോഷ്ടിച്ചതായി സമ്മതിച്ചു. ഇയാളിൽ നിന്ന് മൊബൈൽ കണ്ടെടുത്തു. അടുത്ത ദിവസം, 2.02 ന് അംബർനാഥ് സ്റ്റേഷനിൽ ദീപക് വാഗ്രി എന്നയാളെയും പിടികൂടി. ഇയാളിൽ നിന്ന് 2 ഫോണുകൾ കണ്ടെടുത്തു. ഫെബ്രുവരി 15 ന് കല്യാൺ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് മോഷ്ട്ടാവ് എന്ന് സംശയിക്കുന്ന ഒരാൾ സ്റ്റേഷനിൽ ഉള്ളതായി വിവരം ലഭിച്ചു. ഇയാളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോൾ കല്യാണിൽ വെച്ച് യാത്രക്കാരിൽ നിന്ന് ഫോണുകൾ മോഷ്ടിച്ചതായും 31,800 രൂപ വിലമതിക്കുന്ന 2 മൊബൈൽ തന്‍റെ കൈവശമുണ്ടായിരുന്നതായും ദശരത് താക്കൂർ എന്ന പ്രതി പറഞ്ഞു.
ഫെബ്രുവരി 14 ന് ഭൂസാവൽ സ്റ്റേഷനിൽ നിയോഗിച്ച ആർപിഎഫ് ഉദ്യോഗസ്ഥർ സംശയാസ്പദമായ രീതിയിൽ ഒരാളെ പിന്തുടർന്ന് ചോദ്യം ചെയ്തപ്പോൾ അയാളിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോണുകൾ കണ്ടെടുത്തു. സച്ച്‌ഖണ്ഡ് എക്‌സ്‌പ്രസിലെ യാത്രക്കാരനിൽ നിന്ന് ഫോൺ മോഷ്ടിച്ചതായി കൃഷ്ണ സാവന്ത് എന്ന പ്രതി സമ്മതിച്ചു. അതേസമയം അമരാവതി എക്‌സ്പ്രസിന്‍റെ ജനറൽ കോച്ചിൽ ഉറങ്ങുകയായിരുന്ന യാത്രക്കാരന്‍റെ ഫോൺ മോഷ്ടിച്ചതായി സമീർ പഠാൻ എന്നയാളാണ് ഭൂസാവൽ സ്റ്റേഷനിൽ വെച്ച് പിടിയിലായത്. എല്ലാ പ്രതികളെയും തുടർനടപടികൾക്കായി അതത് അധികാരപരിധിയിലെ സർക്കാർ റെയിൽവേ പൊലീസിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.