സനാതന ധർമത്തെ ഉപദ്രവിച്ചാൽ തിരിച്ചടിക്കും: സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ

വസായ് സനാതന ധർമസഭ വസായിൽ സംഘടിപ്പിച്ച രാഷ്ട്രചേതന സഭയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രഗ്യാ സിംഗ് ഠാക്കൂർ
സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ
സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ
Updated on

മുംബൈ: സനാതന ധർമം ഇതര ധർമങ്ങളെ ഉപദ്രവിക്കാറില്ലെന്നും എന്നാൽ സനാതന ധർമത്തെ വാക്കാലോ പ്രവൃത്തിയാലോ ഉപദ്രവിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും അതിനുള്ള തന്‍റേടം സനാതന ധർമ വിശ്വാസികൾക്കുണ്ടെന്നും സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂർ എംപി പറഞ്ഞു. വസായ് സനാതന ധർമസഭ വസായിൽ സംഘടിപ്പിച്ച രാഷ്ട്രചേതന സഭയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പ്രഗ്യ. ആയിരകണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ളതാണ് സനാതന ധർമം. ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന മന്ത്രം ലോകത്തിന് മുമ്പിൽ വച്ചത് സനാതന ധർമമാണ്. തങ്ങളുടെ ധർമം മാത്രമാണ് ശ്രേഷ്ഠമെന്നും ഇതര ധർമവിശ്വാസികളെ വധിക്കണമെന്നും സനാതന ധർമം അനുശാസിച്ചിട്ടില്ല. ഇങ്ങനെയുള്ള സനാതന ധർമത്തെ ഏതു ശക്തികൾ ആക്രമിച്ചാലും അവർ പരാജയപ്പെട്ട് പോവുകയേയുള്ളൂ എന്നും അവർ പറഞ്ഞു.

പെൺകുട്ടികൾക്ക് നേരെ അതിക്രമങ്ങൾ വർധിച്ചു വരുന്ന ഈ കാലത്ത് സ്വയരക്ഷയ്ക്കായ് നിയമാനുസൃതം ആയുധങ്ങൾ അവർ കൈവശം വയ്ക്കണമെന്നും അക്രമികൾക്ക് നേരെ പ്രയോഗിക്കണമെന്നും സാധ്വി പറഞ്ഞു.

പരിപാടിയിൽ വസായ് സനാതന ധർമസഭ അധ്യക്ഷൻ കെ.ബി. ഉത്തംകുമാർ അധ്യക്ഷത വഹിച്ചു . ലക്ഷ്മി ഹനുമാൻ ദാം ആശ്രമ മഠാധിപതി സദാനന്ദ് ബെൻ മഹാരാജ്, മഹന്ത് കാശിഗിരി മഹാരാജ്, വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് ശ്രീരാജ് നായർ , ബി ജെ പി ജില്ലാ അധ്യക്ഷൻ മഹേന്ദ്ര പാട്ടീൽ , ബി ജെ പി മുൻ ജില്ലാ അധ്യക്ഷൻ രാജൻ നായിക് , ധഡക് കാംഗാർ യൂണിയൻ സ്ഥാപക ജനറൽ സെക്രട്ടറി അഭിജിത് റാണെ , വി വി സി എം സി മുൻ നഗരസഭാംഗം കിരൺ ബോയ്ർ, ബി ജെ പി സംസ്ഥാന സമിതി അംഗം രാംദാസ് മേഹർ, ബി ജെ പി മഹിളാ മോർച്ച സംസ്ഥാന സമിതി അംഗം അപർണ പാട്ടീൽ എന്നിവരും മറ്റ് വിവിധ ഹൈന്ദവ സംഘടനാ നേതാക്കളും വേദി പങ്കിട്ടു. മുതിർന്ന ബി ജെ പി നേതാവ് ഹരേശ്വർ നായിക് പരിപാടികൾ നിയന്ത്രിച്ചു.

വസായ് ഈസ്റ്റിലെ എവർഷൈൻ ഗേറ്റിൽ നിന്നും ബൈക്ക് റാലി , നാസിക് ദോൽ, ചെണ്ടമേളം, പരമ്പരാഗത നാടോടി നൃത്തങ്ങൾ, താലപ്പൊലി എന്നിവയുടെ അകമ്പടിയോടു കൂടിയാണ് സാധ്വി പ്രഗ്യാ സിംഗ് ഠാക്കൂറിനെ സമ്മേളന നഗരിയായ വസായ് റോഡ് വെസ്റ്റിലെ സായി നഗർ മുൻസിപ്പൽ മൈതാനിയിൽ സ്വീകരിച്ച് എത്തിച്ചത്.

Trending

No stories found.

Latest News

No stories found.