ആനന്ദ് ദിഗെയുടേത് സമാനതയില്ലാത്ത പ്രവർത്തനങ്ങൾ: ഷിൻഡെ
മുംബൈ: അന്തരിച്ച ശിവസേനാ നേതാവ് ആനന്ദ് ദിഗെ ചെയ്ത പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണെന്നും, ആ പാതയാണ് പിന്തുടരാൻ ശ്രമിക്കുന്നതെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ഓഗസ്റ്റ് 9ന് റിലീസ് ചെയ്യുന്ന പോകുന്ന 'ധർമവീർ -2 മുക്കം പോസ്റ്റ് താനെ' എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനന്ദ് ദിഗെയുടെ ജീവിതത്തെ ആസ്‌പദമാക്കിയുള്ള ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് ധർമവീർ 2.
അതേസമയം, മുഖ്യമന്ത്രി ഷിൻഡെയുടെ കഥാപാത്രവും ചിത്രത്തിൽ സുപ്രധാനമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. 2022 ജൂണിൽ ഉദ്ധവ് താക്കറെക്കെതിരെ ഏകനാഥ് ഷിൻഡെ പാർട്ടിയിൽ പട നയിച്ചത് എന്തിനാണെന്നത് ചിത്രത്തിലൂടെ വ്യക്തമാകുമെന്നും അവർ പറഞ്ഞു.
''ജാതിയും മതവും നോക്കാതെ ആനന്ദ് ദിഗെയെ കാണാനെത്തുന്നവർ ആരും നിരാശരായി മടങ്ങില്ല. ഞങ്ങളുടെ സർക്കാരും അതേ പാതയിലാണ് പ്രവർത്തിക്കുന്നത്'', മുഖ്യമന്ത്രി പറഞ്ഞു. ശുഭകരമായ ഗുരുപൂർണിമ ദിനത്തിന്‍റെ തലേന്നു തന്നെ ട്രെയിലർ പുറത്തിറക്കി ഞങ്ങൾ അത് ആഘോഷിച്ചു- അദ്ദേഹം കൂട്ടിച്ചേർത്തു. മറാഠി, ഹിന്ദി ഭാഷകളിലുള്ള ചിത്രം സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.