പിറന്നാൾ സമ്മാനമായി കെ.എസ്. ചിത്രയ്ക്ക് ഗാനാർപ്പണം നടത്തി ഡോംബിവ്‌ലിയിലെ ഗായികമാർ

ചിത്രാമ്മക്ക് നൽകാവുന്ന ഏറ്റവും നല്ല പിറന്നാൾ സമ്മാനം നൽകിയതിനിന്‍റെ സന്തോഷത്തിലാണ് ഈ ഗായികമാർ
പിറന്നാൾ സമ്മാനമായി കെ.എസ്. ചിത്രയ്ക്ക് ഗാനാർപ്പണം നടത്തി ഡോംബിവ്‌ലിയിലെ ഗായികമാർ
Updated on

മുംബൈ: മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കെ.എസ്. ചിത്രയുടെ പിറന്നാൾ ദിനത്തിൽ വ്യത്യസ്ഥയായ ആശംസകളറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോംബിവ്‌ലി മലയാളം യുട്യൂബ് ചാനൽ. പ്രതിഭാ സമ്പന്നരായ ഗായകരെ കൂട്ടിയിണക്കി ചിത്രയ്ക്ക് സംഗീത വിരുന്നൊരുക്കുകയായിരുന്നു മുംബൈയിലെ മലയാളി സംഘം.

ഷഷ്ഠി പൂർത്തി ആഘോഷിക്കുന്ന ഈ ഗാനകോകിലത്തിന് എങ്ങനെ വ്യത്യസ്തമായി ആശംസകൾ അർപ്പിക്കും എന്ന ചിന്തയിലാണ് ഇങ്ങനെയൊരു ആശയം ഡോംബിവ്‌ലി മലയാളം യുട്യൂബ് ചാനൽ കണ്ടെത്തിയത്. രണ്ടുദിവസത്തെ തയാറെടുപ്പിൽ ഡോംബിവ്‌ലിയിലെ പരിചയസമ്പന്നരായ ഗായികമാരെ കൂട്ടിച്ചേർത്ത് ഒ. പ്രദീപ്, നെല്ലൻ ജോയ്, അജിത് ശങ്കരൻ, ജോസ് കല്ലൂപ്രായിൽ, മനീഷ് നായർ എന്നിവർ ചേർന്ന് ഈ പരിപാടി ആസൂത്രണം ചെയ്‌തു . ചിത്രാമ്മക്ക് നൽകാവുന്ന ഏറ്റവും നല്ല പിറന്നാൾ സമ്മാനം നൽകിയതിനിന്‍റെ സന്തോഷത്തിലാണ് ഈ ഗായികമാർ.

ഈ മനോഹരഗാനം പാടിയ ഗായികമാർ

അനു ശ്യാം

ചെറുപ്പത്തിലേ പ്രശസ്ത സംഗീത സംവിധായകൻ മോഹൻസിത്താരയുടെ കീഴിൽ സംഗീതം അഭ്യസിച്ചു. നാട്ടിലെ യുവജനോത്സവ വിജയിയും, ഏഷ്യാനെറ്റ് 2004 ൽ നടത്തിയ സപ്തസ്വരങ്ങൾ എന്ന മത്സരത്തിലെ സെമി ഫൈനലിസ്റ്. അന്ന് ആ മത്സരത്തിൽ വിജയിയായത് ഇന്നത്തെ പ്രശസ്തഗായിക സിതാര കൃഷ്ണകുമാർ ആയിരുന്നു. 2007 വിവാഹിതയായി മുംബൈയിലേക്ക്‌, പിന്നീട് മുംബൈ സംഗീത വേദികളിലെ സ്ഥിരസാന്നിധ്യം. ഭാവഗായകൻ ജയചന്ദ്രൻ, മാർക്കോസ്, ഉണ്ണിമേനോൻ എന്നിവരാരോടൊപ്പം പാടുകയും ചെയ്തിട്ടുണ്ട്. കൂടാതെ മലയാളത്തിൽ ആൽബത്തിലും പാടിയിട്ടുണ്ട്. ഇപ്പോൾ കുറച്ചുകാലമായി നാട്ടിൽ തൃശ്ശൂരിൽ പുത്തൻചിറയിൽ താമസം.ഭർത്താവ് ശ്യാം.

രാജലക്ഷ്മി സോമരാജൻ

മുംബയിലെ അറിയപ്പെടുന്ന ഗായിക, കർണാടിക് സംഗീതത്തിനൊപ്പം ഹിന്ദുസ്ഥാനിയിൽ ബിരുദാന്തര ബിരുദം കൈവശമുള്ള അനുഗ്രഹീത ഗായിക. ചെറുപ്പത്തിലേ മുതൽ സംഗീതത്തോട് വളരെ അടുത്തുനിന്ന ഗായിക. വളരെ പ്രശസ്തരായ സ്റ്റീഫൻ ദേവസ്സ്യ, വൈക്കം വിജയലക്ഷ്മി, എം.ജി.ശ്രീകുമാർ, ഷാൻ (ബോളിവുഡ് ), ഹരിഹരൻ, റിമിടോമി എന്നിവരോടൊപ്പം പാടാനുള്ള അവസരം ഉണ്ടായിട്ടുണ്ട്. ധാരാളം കുട്ടികളെ സംഗീതം പഠിപ്പിക്കുന്നു. ഡോംബിവ്‌ലി താമസിക്കുന്ന രാജലഷ്മി വിവാഹിതയായി ഭർത്താവ് മോഹിത് നന്ദനുമൊത്തു ഇപ്പോൾ ദുബായിയിൽ ആണ് താമസം. കേരളത്തിൽ പന്തളത്താണ് വീട്.

ജന്യ നായർ

മൂന്ന് വയസ്സുമുതൽ സംഗീതം പഠിക്കുന്നു. ചെറുപ്പമ മുതലേ മത്സരങ്ങളിൽ സമ്മാനം വാരിക്കൂട്ടിയ ഗായിക. ധാരാളം കുട്ടികൾക്ക് സംഗീതം പകർന്നു നൽകിവരുന്നു. മുംബയിൽ പി ലീലയുടെയും, മാധുരിയുടെയും ഗാനങ്ങൾ ആലപിക്കാൻ ആരാവണം എന്ന് ആലോചിക്കയാതെ പറയുന്ന പേര് ജന്യ നായർ.ധാരാളം കച്ചേരികൾ നടത്തിയിട്ടുണ്ട്. മുബൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നു. ഭർത്താവ് പ്രവീണുമൊത്തു ഡോംബിവാലിയിൽ താമസം. നാട്ടിൽ തൃശ്ശൂരിൽ കുന്നംകുളത്താണ് വീട്.

അമൃത നായർ

കഴിഞ്ഞ 17 വർഷമായി കർണാടിക് സംഗീതം പഠിക്കുന്നു. മുബൈയിലെ ഗാനാലാപന വേദിയിലെ പരിചിത മുഖം. ധാരളം ആൽബം സോങ് പാടിയിട്ടുണ്ട്. മറാത്തിയിലും പാടിയിട്ടുണ്ട്. കൂടാതെ ഇപ്പോൾ കൂട്ടികൾക്ക് സംഗീതം അഭ്യസിപ്പിക്കുന്നു. IT യിൽ ബിരുദാന്തര ബിരുദധാരിയാണ് അമൃത.ശബ്ദമാധുര്യം കൊണ്ട് വളരെ അധികം പേരുടെ പ്രശംസ പിടിച്ചുപറ്റിയ ഗായിക കൂടിയാണ് അമൃത. നാട്ടിൽ തൃശൂർ പെരുമ്പിലാവ്.

ശരണ്യ രോഹിത്

ചെറുപ്പത്തിലേ സംഗീതം പഠിച്ച ശരണ്യ പഠനകാലത്തു സ്കൂളിനും കോളേജിനും ധാരാളം സമ്മാനം വാങ്ങിക്കൊടുത്ത ഗായികയാണ്. MSC ബയോ ടെക്നോളജി പഠനവും കഴിഞ്ഞു ഇപ്പോൾ ഒരു സ്വാകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്നു . വളരെ ബുദ്ധിമുട്ടുള്ള ഗാനങ്ങൾ അനായാസമായി പാടാൻ കഴിവുള്ള ഗായികയാണ് ശരണ്യ. ഇപ്പോൾ വിവാഹിതയായി താനെയിൽ താമസം. നാട്ടിൽ കണ്ണൂർ ജില്ലയിലെ മൊറാഴ പാന്തോട്ടം സ്വാദേശിയാണ്. ഭർത്താവ് രോഹിത്.

Trending

No stories found.

Latest News

No stories found.