സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം 2024 സംഘടിപ്പിക്കുന്നു

ഈ വര്‍ഷം സബ് ജൂനിയര്‍ വിഭാഗക്കാര്‍ ചങ്ങമ്പുഴ കവിതകളും, ജൂനിയര്‍ വിഭാഗക്കാര്‍ ബാലാമണിയമ്മ കവിതകളും സീനിയര്‍ വിഭാഗക്കാര്‍ ഇടശ്ശേരി കവിതകളുമാണ് ചൊല്ലേണ്ടത്
sugathanjali is organizing global poetry competition 2024
സുഗതകുമാരി
Updated on

മുംബൈ: പ്രശസ്ത കവിയത്രിയും മലയാളം മിഷന്‍ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവ് അര്‍പ്പിച്ചുകൊണ്ട് മലയാളം മിഷന്‍ “സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം” നടത്തുന്നത് ഇത് നാലാം വര്‍ഷമാണ്‌. ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ ചാപ്റ്റര്‍ മേഖലകളിലെ പഠിതാക്കളാണ് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ പങ്കെടുക്കുന്നത്. 5 മുതല്‍ 10 വയസു വരെയുള്ള കുട്ടികള്‍ സബ് ജൂനിയര്‍ വിഭാഗത്തിലും 10 വയസിന് മുകളില്‍ 16 വയസു വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 16 വയസിന് മുകളില്‍ 20 വയസു വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിക്കുന്നത്.

ഈ വര്‍ഷം സബ് ജൂനിയര്‍ വിഭാഗക്കാര്‍ ചങ്ങമ്പുഴ കവിതകളും, ജൂനിയര്‍ വിഭാഗക്കാര്‍ ബാലാമണിയമ്മ കവിതകളും സീനിയര്‍ വിഭാഗക്കാര്‍ ഇടശ്ശേരി കവിതകളുമാണ് ചൊല്ലേണ്ടത്. മൂന്നു ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടത്തുന്നത്. മേഖലാ തലത്തില്‍ നടത്തുന്നതാണ് ഒന്നാം ഘട്ടം. മേഖലാതലത്തിലുള്ള വിജയികള്‍ ചാപ്റ്റര്‍ തല മത്സരത്തില്‍ മാറ്റുരയ്ക്കുന്നു. ഈ മത്സരങ്ങളുടെ ചുമതല പൂര്‍ണ്ണമായും അതാതു ചാപ്റ്ററുകള്‍ക്കായിരിക്കും.ചാപ്റ്റര്‍ തല മത്സരങ്ങളിലെ 1, 2, 3 സ്ഥാനക്കാരെ ഉള്‍പ്പെടുത്തി നടത്തുന്ന ആഗോള ഫൈനല്‍ മത്സരമാണ് മൂന്നാം ഘട്ടം.ഫൈനല്‍ മത്സരത്തിന്‍റെ മേല്‍നോട്ടം മലയാളം മിഷന്‍ നേരിട്ട് നടത്തും.

മത്സരത്തില്‍ ചുരുങ്ങിയത് 16 വരിയെങ്കിലും കവിതയുടെ ഭാവാംശം നഷ്ടപ്പെടാതെ അക്ഷരസ്ഫുടതയോടെ മന:പാഠം ചൊല്ലണം. കുറഞ്ഞത് 3 മിനിറ്റും പരമാവധി 7 മിനിറ്റുമാണ് കവിത ചൊല്ലാനുള്ള സമയ ദൈര്‍ഘ്യം.

മുംബൈ ചാപ്റ്ററിലെ പന്ത്രണ്ടു മേഖലകളിലെ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചാപ്റ്റര്‍ തല ഫൈനല്‍ മത്സരം ജൂലൈ 28, ഞായറാഴ്ച രാവിലെ 11.15 മണി മുതല്‍ നടത്തുന്നതാണ്. പ്രതികൂല കാലാവസ്ഥയില്‍ ദൂര പ്രദേശങ്ങളില്‍ നിന്ന് വരുന്ന മത്സരാര്‍ഥികള്‍ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ വര്‍ഷം നേരിട്ടുള്ള സ്റ്റേജ് മത്സരങ്ങള്‍ ഒഴിവാക്കാനും പകരം നിശ്ചിത സമയത്തിനുള്ളില്‍ കാവ്യാലാപനത്തിന്റെ വീഡിയോ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്ത് അയക്കുന്ന രീതിയില്‍ മത്സരം സംഘടിപ്പിക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്‌. മത്സരാര്‍ഥികള്‍ രാവിലെ 11. 15 മുതല്‍ റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോ അന്നേ ദിവസം ഉച്ചക്ക് 12.00 മണി വരെ നിര്‍ദ്ദിഷ്ട ഗൂഗിള്‍ ഡ്രൈവില്‍ അപ് ലോഡ് ചെയ്യേണ്ടതാണ്.

സുഗതാഞ്ജലി ചാപ്റ്റര്‍ തല ഫൈനല്‍ മത്സരത്തിന് ലഭിക്കുന്ന വീഡിയോകള്‍ ആഗസ്റ്റ് 4 ന് ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ പ്രത്യേകം ഒരുക്കുന്ന സദസില്‍ പ്രദര്‍ശിപ്പിച്ച് പ്രശസ്തരായ സാഹിത്യകാരന്മാര്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതും അന്ന് തന്നെ ഫലം പ്രഖ്യാപിക്കുന്നതുമാണ്.

Trending

No stories found.

Latest News

No stories found.