മുംബൈ: തിങ്കളാഴ്‌ച രാവിലെ താനെയിൽ ഉണ്ടായ സിഗ്നൽ തകരാറിനെത്തുടർന്ന് കല്യാൺ, കുർള സ്റ്റേഷനുകൾക്കിടയിലുള്ള സെൻട്രൽ ലൈൻ റൂട്ടിൽ ട്രെയിൻ ഗതാഗതം താറുമാറായി. രണ്ടു മണിക്കൂറിനു ശേഷം മുംബൈ ഡിവിഷൻ സാധാരണ നിലയിലായി.
സിഗ്നൽ തകരാർ കാരണം സെൻട്രൽ ട്രെയിനുകൾ 30 മിനിറ്റ് വൈകിയാണ് ഓടുന്നത്. താനെയിലെ എല്ലാ റെയിൽവേ ലൈനുകളിലെയും സബർബൻ സർവീസുകൾ രാവിലെ 9.16 ന് ചില സാങ്കേതിക കാരണങ്ങളാൽ നിർത്തേണ്ടി വന്നതായി സെൻട്രൽ റെയിൽവേ വക്താവ് പറഞ്ഞു. സിഗ്നൽ തകരാർ കാരണം കല്യാണിനും കുർളയ്ക്കും ഇടയിലുള്ള സർവീസുകളെ ബാധിച്ചതായും വക്താവ് പറഞ്ഞു. രാവിലെതന്നെയുണ്ടായ സിഗ്നൽ തകരാർ ഓഫീസ് യാത്രക്കാരെ സാരമായി ബാധിച്ചു. ഇതുമൂലം വലിയ തിരക്കാണ് വിവിധ സ്റ്റേഷനുകളിൽ കാണാനിടയായത്.
എന്നാൽ രാവിലെ 10.15 ഓടെ സിഗ്നലിംഗ് സംവിധാനം പുനഃസ്ഥാപിക്കുകയും എല്ലാ ലൈനുകളിലെയും സർവീസുകൾ പുനരാരംഭിക്കുകയും ചെയ്തതായി സിആർ വക്താവ് പറഞ്ഞു. സിഗ്നലിംഗ് സിസ്റ്റം പുനഃസ്ഥാപിച്ചതോടെ, ലോക്കൽ, മെയിൽ എക്സ്പ്രസ് ട്രെയിൻ സർവീസുകൾ ബാധിത റൂട്ടുകളിൽ സാധാരണ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്.
എന്നാൽ ലോക്കൽ ട്രെയിനുകൾ ഇപ്പോഴും വൈകിയാണ് ഓടുന്നതെങ്കിലും അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ പൂർണ്ണമായും സമയ ക്രമത്തിലാകുമെന്നാണ് കരുതുന്നതെന്നും വക്താക്കൾ അറിയിച്ചു.