ലോക്സഭയിൽ 415 സീറ്റ്‌ നേടിയിട്ടും രാജീവ് ഗാന്ധി അഹങ്കരിച്ചിട്ടില്ല, പ്രതിപക്ഷത്തെ തേജോവധം ചെയ്തിട്ടില്ല: ഉദ്ധവ് താക്കറേ

രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാർഷിക ദിനത്തിൽ കോൺഗ്രസ് സംഘടിപ്പിച്ച സദ്ഭാവന റാലിയിലാണ് താക്കറെ ബിജെപി ക്കെതിരെ കടുത്ത വിമർശനം ഉയർത്തിയത്.
Uddav thakkeray
ഉദ്ധവ് താക്കറെ
Updated on

മുംബൈ: ലോക്സഭയിൽ 415 സീറ്റ്‌ നേടിയിട്ടും രാജീവ് ഗാന്ധി അഹങ്കരിച്ചിട്ടില്ലെന്നും ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ തേജോവധം ചെയ്തിട്ടില്ലെന്നും ഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രാജീവ് ഗാന്ധിയുടെ 80-ാം ജന്മവാർഷിക ദിനത്തിൽ സയണിലെ ഷൺമുഖാനന്ദ ഓഡിറ്റോറിയത്തിൽ കോൺഗ്രസ് പാർട്ടി സംഘടിപ്പിച്ച സദ്ഭാവന റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് താക്കറെ ബിജെപി ക്കെതിരെ കടുത്ത വിമർശനം ഉയർത്തിയത്.

"ശിവസേനയും കോൺഗ്രസും മുമ്പ് കടുത്ത ശത്രുക്കളായിരുന്നു, എന്നാൽ അന്ന് ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടി പ്രതിപക്ഷ പാർട്ടികളെ ബുദ്ധിമുട്ടിക്കാനും തേജോവധം ചെയ്യാനും ഇഡി സിബിഐയെ വീട്ടുപടിക്കൽ അയച്ചിരുന്നില്ല". അദ്ദേഹം പറഞ്ഞു.

ഉദ്ധവ് താക്കറെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാനാ പടോലെ, കോൺഗ്രസ് മഹാരാഷ്ട്ര ചുമതലയുള്ള രമേശ് ചെന്നിത്തല, കോൺഗ്രസ് എംഎൽഎമാർ, എംപിമാർ എന്നിവർ റാലിയിൽ പങ്കെടുത്തു.

പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട ഉദ്ധവ്, രാജീവ് ഗാന്ധി ഭരണകാലത്ത് രാഷ്ട്രീയം പ്രതികാര രാഷ്ട്രീയമായിരുന്നില്ലെന്നും രാജീവ്ഗാന്ധി ഭരണകാലത്തെ രാഷ്ട്രീയം ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നും പറഞ്ഞു. ബാലാസാഹേബ് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ ഭരിക്കുന്ന പാർട്ടികളുടെയും പ്രതിപക്ഷ പാർട്ടികളുടെയും ഹൃദയത്തിൽ ശത്രുത ഇല്ലായിരുന്നു. രാജീവ്ജി ഒരിക്കലും ഇഡിയെയും സിബിഐയെയും അയച്ച് പ്രതിപക്ഷത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല. പാർട്ടികൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത് ഉദ്ധവ് പറഞ്ഞു.

ശിവസേന ഭരണത്തിൽ ഉണ്ടായിരുന്ന സമയത്ത് ഒരിക്കൽ കോൺഗ്രസ് പ്രവർത്തകർ റോഡിൽ പ്രതിഷേധിച്ചപ്പോൾ അവർക്കെതിരെ ലാത്തിച്ചാർജ് നടത്തരുതെന്ന് അന്നത്തെ മുഖ്യമന്ത്രി മനോഹർ ജോഷിയെ വിളിച്ച് ബാലാസാഹേബ് നിർദ്ദേശിച്ച സംഭവം ഉദ്ധവ് ഓർമ്മിപ്പിച്ചു.

കൂടാതെ രാജീവ് ഗാന്ധി മാന്യനും ശാന്തനുമായ മനുഷ്യനായിരുന്നു വെന്നും രാജ്യത്തിന് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തെങ്കിലും ഒരിക്കലും അഹംഭാവം കാണിക്കാത്ത മനുഷ്യനാണെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു. "രാജീവ് ഗാന്ധി ഇന്ത്യയിലുടനീളം നിരവധി വാക്സിനേഷൻ പ്രോഗ്രാമുകൾ നടപ്പിലാക്കിയിട്ടുണ്ട്, എന്നാൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ ഒരിക്കലും അദ്ദേഹത്തിന്‍റെ ഫോട്ടോ പതിപ്പിച്ചിട്ടില്ല." ഉദ്ധവ് പറഞ്ഞു.

400 പേർ ജയിക്കുമെന്ന് പ്രഖ്യാപിക്കാതെയാണ് രാജീവ്ഗാന്ധി 415 എംപിമാരെ പാർലമെന്‍റിൽ കൊണ്ടുവന്ന് സർക്കാർ രൂപീകരിച്ചത്. എന്നിട്ടും അദ്ദേഹം അഹങ്കരിച്ചിട്ടില്ല, രാജീവ്ജി തന്‍റെ ജോലി ശാന്തമായും സത്യസന്ധമായും ചെയ്തു. പ്രതിപക്ഷത്തിനോട് ഒരിക്കലും പ്രതികാര രാഷ്ട്രീയം കളിച്ചിട്ടില്ല. എല്ലാം അധികാരികളെ ഏൽപ്പിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. എല്ലാ അധികാരങ്ങളും തന്‍റെ കൈയിൽ നിലനിർത്താൻ ഒരിക്കലും ശ്രമിച്ചില്ല. എന്നാൽ നിലവിലെ ഭരണകൂടം എല്ലാം അവരോടൊപ്പം വേണമെന്ന് ആഗ്രഹിക്കുന്നു. മാത്രമല്ല ഹൗസിംഗ് സൊസൈറ്റികളുടെ ചെയർമാൻ സ്ഥാനം പോലും ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.