ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ശിവസേനയുടെയും എൻസിപിയുടെയും പിളർപ്പിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ, രണ്ടു പാർട്ടികളുടെയും യഥാർഥ പൈതൃകം ആർക്കൊക്കെയെന്ന് ജനങ്ങൾ വിധിയെഴുതിയ അവസരം കൂടിയായിരുന്നു ഇത്
Sharad Pawar, Uddhav Thackeray
ശരദ് പവാർ, ഉദ്ധവ് താക്കറെഫയൽ ചിത്രം
Updated on

സ്വന്തം ലേഖകൻ

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സഖ്യം എക്സിറ്റ് പോൾ ഫലങ്ങളെപ്പോലും കവച്ചു വയ്ക്കുന്ന തരത്തിലുള്ള മഹാവിജയത്തിലേക്ക് കുതിക്കുമ്പോൾ മറാഠാ രാഷ്ട്രീയത്തിലെ രണ്ട് അതികായരുടെ പതനം കൂടിയാണ് സംഭവിക്കുന്നത്. ശിവസേനയുടെയും എൻസിപിയുടെയും പിളർപ്പിനു ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന നിലയിൽ, രണ്ടു പാർട്ടികളുടെയും യഥാർഥ പൈതൃകം ആർക്കൊക്കെയെന്ന് ജനങ്ങൾ വിധിയെഴുതിയ അവസരം കൂടിയായിരുന്നു ഇത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവിഭക്ത ശിവസേന 56 സീറ്റും അവിഭക്ത എൻസിപി 54 സീറ്റും കോൺഗ്രസ് 44 സീറ്റും നേടിയാണ് മഹാവികാസ് അഘാഡി ഇവിടെ സർക്കാർ രൂപീകരിക്കുന്നത്.

ഏകനാഥ് ഷിൻഡെ വിഭാഗം ശിവേസന പിളർത്തി ബിജെപി ക്യാംപിലേക്കു പോയതോടെയാണ് ഉദ്ധവ് താക്കറെയുടെ മുഖ്യമന്ത്രി പദം നഷ്ടമായത്. എൻസിപി പിളർത്തി അജിത് പവാറും പിന്നീട് ബിജെപി നേതൃത്വം നൽകുന്ന മഹായുതി മുന്നണിയിലേക്കു മാറി. എന്നാൽ, ശിവസേനയുടെ രാഷ്ട്രീയ പാരമ്പര്യം അവകാശപ്പെടാൻ സ്ഥാപകൻ ബാൽ താക്കറെയുടെ മകൻ എന്ന പൈതൃകം മാത്രം പോരാ എന്ന വിധിയാണ് ഉദ്ധവ് താക്കറെയ്ക്ക് മഹാരാഷ്ട്രയിലെ ജനങ്ങൾ നൽകുന്നത്. ഷിൻഡെയുടെ ചതിയെക്കുറിച്ച് നിരന്തരം പറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിട്ട ഉദ്ധവിന്‍റെ പാർട്ടിക്ക് ലീഡ് നേടാൻ സാധിച്ചത് വെറും 19 സീറ്റിലാണ്.

അതേസമയം, 59 സീറ്റുമായി ശിവസേന 'ഔദ്യോഗിക വിഭാഗം' കഴിഞ്ഞ തെരഞ്ഞെടുപ്പിലേതിനെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചു. 80 സീറ്റിൽ മാത്രമാണ് മുഖ്യമന്ത്രി ഷിൻഡെയുടെ ശിവസേന മത്സരിച്ചത്.

എൻസിപി സ്ഥാപിച്ച ശരദ് പവാറിന് പാർട്ടിയുടെ ഔദ്യോഗിക പേരും ചിഹ്നവും ലഭിക്കാത്തതിന്‍റെ ക്ഷീണം തീർക്കാനും തെരഞ്ഞെടുപ്പ് ഉപകരിച്ചില്ല. അമ്മാവൻ സ്ഥാപിച്ച പാർട്ടി മരുമകൻ സ്വന്തമാക്കിയപ്പോൾ സീനിയർ പവാറിന് ആകെ കിട്ടിയത് 16 സീറ്റ്. മറുവശത്ത് അജിത് പവാറിന്‍റെ 'ഔദ്യോഗിക' എൻസിപി 35 സീറ്റും നേടി.

148 സീറ്റിൽ മത്സരിച്ച ബിജെപി ഒറ്റയ്ക്ക് 120 സീറ്റിനു മേൽ ഉറപ്പിക്കുമ്പോൾ, മുഖ്യമന്ത്രി സ്ഥാനം കൂടി സ്വന്തമാക്കാമെന്നു പ്രതീക്ഷ വയ്ക്കുന്നു. പ്രധാന പ്രതിപക്ഷം പോലുമാകാൻ സാധിക്കാതെ കോൺഗ്രസ് ഇരുപതിൽ താഴെ സീറ്റിലേക്ക് ഒതുങ്ങുന്നു.

Trending

No stories found.

Latest News

No stories found.