'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

ബിജെപിയുടെ വൻ വിജയം മഹായുതിയുടെ മുഖ്യമന്ത്രി സ്ഥാനത്തു മാറ്റമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ ഉയർത്തുന്നുണ്ട്.
Devendra Fadnavis ദേവേന്ദ്ര ഫഡ്നാവിസ്
ദേവേന്ദ്ര ഫഡ്നാവിസ്
Updated on

മുംബൈ: ""തിരയടങ്ങിയെന്നു കരുതി തീരത്ത് വീടുവയ്ക്കരുത്. ഞാൻ കടലാണ്. തിരിച്ചുവരും''- 2019ൽ അജിത് പവാറിന്‍റെ പിന്തുണയോടെ മുഖ്യമന്ത്രിയായി നാലു ദിവസത്തിനുള്ളിൽ രാജിവയ്ക്കേണ്ടി വന്ന ദേവേന്ദ്ര ഫഡ്നാവിസ് കോൺഗ്രസിനും ഉദ്ധവ് താക്കറെയ്ക്കും നൽകിയ മുന്നറിയിപ്പായിരുന്നു ഇത്. അഞ്ചു വർഷം പിന്നിടുമ്പോൾ ഫഡ്നാവിസ് പറഞ്ഞത് യാഥാർഥ്യമായി. മഹാരാഷ്‌ട്രയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൊടുങ്കാറ്റായി ബിജെപി മാറി. കോൺഗ്രസും ശിവസേന (യുബിടി)യും എൻസിപി (എസ്പി)യും തകർന്നടിഞ്ഞു. ബിജെപിക്കൊപ്പം നിന്ന ശിവസേന, എൻസിപി വിഭാഗങ്ങൾ കരുത്തുകാട്ടി.

സംസ്ഥാനത്ത് ബിജെപിയുടെ ഏറ്റവും വലിയ വിജയമാണു ഫഡ്നാവിസിന്‍റെ നേതൃത്വത്തിൽ സ്വന്തമാക്കിയത്. അവസാന റിപ്പോർട്ടുകൾ പ്രകാരം 288 അംഗ നിയമസഭയിൽ 132 സീറ്റുകൾ ബിജെപിക്കൊപ്പമാണ്. പാർട്ടിക്കു തനിച്ചു ഭരിക്കാൻ 13 സീറ്റുകളുടെ മാത്രം കുറവ്. ബിജെപിയുടെ വൻ വിജയം മഹായുതിയുടെ മുഖ്യമന്ത്രി സ്ഥാനത്തു മാറ്റമുണ്ടാക്കുമെന്ന അഭ്യൂഹങ്ങൾ ഉയർത്തുന്നുണ്ട്. ഫഡ്നാവിസ് മുഖ്യമന്ത്രിയാകണമന്ന ആഗ്രഹം ചില ബിജെപി നേതാക്കൾ പങ്കുവച്ചു. എന്നാൽ, ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പു നേരിട്ടതെന്നും അദ്ദേഹം തന്നെ തുടരണമെന്നും ശിവസേനാ വൃത്തങ്ങൾ പറയുന്നു. എല്ലാ കാര്യങ്ങളും ഒരുമിച്ചിരുന്ന് ചർച്ച ചെയ്താണു തീരുമാനിച്ചിട്ടുള്ളതെന്നും ഇനിയും അതു തുടരുമെന്നുമാണ് ഇക്കാര്യത്തിൽ ഫഡ്നാവിസിന്‍റെയും ഷിൻഡെയുടെയും മറുപടി.

അതേസമയം, കേന്ദ്രത്തിലെ എൻഡിഎയുടെ കെട്ടുറപ്പ് ഉൾപ്പെടെ പരിഗണിക്കുന്നതിനാൽ തത്കാലം മുഖ്യമന്ത്രി സ്ഥാനത്തിൽ മാറ്റമുണ്ടാവില്ലെന്നാണ് സൂചന. ബിഹാറിൽ നിതീഷ് കുമാറിന്‍റെ നേതൃത്വം അംഗീകരിക്കുന്നതിനു സമാനമായി മഹാരാഷ്‌ട്രയിൽ ഷിൻഡെ തുടർന്നേക്കും. എന്നാൽ, ആർഎസ്എസ് നേതൃത്വത്തിന്‍റെ വിശ്വസ്തനും മഹാരാഷ്‌ട്രയിൽ ബിജെപിയുടെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവുമായ ഫഡ്നാവിസിനെ നേതൃത്വം കൈവിടില്ല. ബിജെപി അധ്യക്ഷ സ്ഥാനത്ത് ജെ.പി. നഡ്ഡയുടെ പിൻഗാമിയായി ഫഡ്നാവിസിനെ പരിഗണിക്കാനും സാധ്യതയുണ്ട്.

Trending

No stories found.

Latest News

No stories found.