Mumbai
50 വയസുകാരിയെ വനത്തിൽ ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയിൽ കണ്ടെത്തി; കൈയിൽ യുഎസ് പാസ്പോർട്ടിന്‍റെ പകർപ്പ്
ഇവരുടെ കൈവശം നിന്നും കാലാവധി കഴിഞ്ഞ വിസയും കണ്ടെടുത്തിട്ടുണ്ട്.
മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ വനത്തിൽ ഇരുമ്പു ചങ്ങല കൊണ്ട് കെട്ടിയിട്ട നിലയിൽ സ്ത്രീയെ കണ്ടെത്തി. 50 വയസ്സുള്ള സ്ത്രീയുടെ കൈവശം യുഎസ് പാസ്പോർട്ടിന്‍റെ പകർപ്പും തമിഴ്നാട് വിലാസത്തോടു കൂടിയ ആധാർ കാർഡും കണ്ടെത്തി. സോനുർലി ഗ്രാമത്തിൽ ആടു മേയ്ക്കാനെത്തിയവർ ശനിയാഴ്ച ഉച്ചയോടെയാണ് യുവതിയുടെ കരച്ചിൽ കേട്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് സ്ത്രീയെ കണ്ടെത്തിയത്.
ഇവരെ ഉടൻ തന്നെ സിന്ധുദുർഗിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് ഇവരെ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
ഇവരുടെ മാനസിക, ശാരീരിക ആരോഗ്യം താറുമാറാണെന്നും ആരോഗ്യം വീണ്ടെടുത്തതിനു ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാകൂ എന്നും പൊലീസ് പറയുന്നു. ഇവരുടെ കൈവശം നിന്നും കാലാവധി കഴിഞ്ഞ വിസയും കണ്ടെടുത്തിട്ടുണ്ട്.