റായ്ഗഡ്: പനവേലിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകളും 2 കൂട്ടാളികളും അറസ്റ്റിൽ. രണ്ട് ദിവസം മുൻപാണ് 44 കാരിയായ സ്ത്രീയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസത്തിന് ശേഷം അവരെ കൊലപ്പെടുത്തിയതിന് 26 കാരിയായ മകളെയും രണ്ട് കൂട്ടാളികളെയും പൻവേൽ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പൻവേലിലെ പരദേശി ആലി സ്വദേശിയായ പ്രിയ പ്രഹ്ലാദ് നായികിനെയാണ് സെപ്റ്റംബർ 13 ന് രാത്രി 8 മണിയോടെ ക്രൂരമായി കൊല ചെയ്തത്. രാത്രി ഭർത്താവ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോസ്റ്റ്‌മോർട്ടത്തിൽ, ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. ഭർത്താവ് കൊടുത്ത പരാതി പ്രകാരം പൻവേൽ സിറ്റി പോലീസ് കൊലപാതകത്തിന് കേസെടുത്തിരുന്നു.“അന്വേഷണത്തിനിടെ, സാങ്കേതിക വിദ്യയുടെ സഹായത്തോടെ, കൊലപാതകത്തിൽ ഉൾപ്പെട്ട രണ്ട് പേരെ ഞങ്ങൾ കണ്ടെത്തി കസ്റ്റഡിയിലെടുത്തു,” ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (സോൺ II) പ്രശാന്ത് മൊഹിതെ പറഞ്ഞു.തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികൾ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. വിവേക് ഗണേഷ് പാട്ടീൽ (19), ഇയാളുടെ സുഹൃത്ത് വിശാൽ അമ്രേഷ് പാണ്ഡെ (19) എന്നിവരാണ് പ്രതികൾ. സ്വന്തം മകൾ പ്രണാലി പ്രഹ്ലാദ് നായിക് (26) ആണ് പ്രിയയെ കൊല്ലാൻ ആവശ്യപ്പെട്ടതെന്ന് പാട്ടീലും പാണ്ഡെയും സമ്മതിച്ചു. താനൊരു 'തന്ത്രിക് ' ആണെന്നും പ്രണാലിക്ക് അറിയാമായിരുന്നുവെന്നും പാട്ടീൽ പറയുന്നു. അമ്മയെ കൊല്ലാനായി പണം നൽകാമെന്ന് പാട്ടീലിനോട് പ്രണാലി പറഞ്ഞിരുന്നതായി ”പൻവേൽ സിറ്റി പോലീസ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്ടർ പ്രവീൺ ഭഗത് പറഞ്ഞു.
2017ൽ വിവാഹിതയായ പ്രണാലി, ഭർത്താവുമായുള്ള പ്രശ്‌നങ്ങളെത്തുടർന്ന് 2020 മുതൽ മാതാപിതാക്കളോടൊപ്പം താമസിക്കാൻ തുടങ്ങി. വിവാഹത്തിൽ അഞ്ച് വയസ്സുള്ള ഒരു മകളുണ്ട്. മറ്റൊരു പുരുഷനുമായി പ്രണാലിക്ക് ബന്ധമുണ്ടായിരുന്നു. എന്നാൽ ഈ ബന്ധം അമ്മ അംഗീകരിച്ചിരുന്നില്ല. ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും അനാവശ്യമായി പുറത്തിറങ്ങുന്നതിൽ നിന്നും അമ്മ പ്രണാലിയെ തടഞ്ഞതാണ് കൊലയിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
നായിക് കുടുംബത്തിലെ ഏക മകളായിരുന്നു പ്രണാലി. നായിക് കുടുംബത്തിന് ധാരാളം സ്വത്തുക്കൾ സ്വന്തമായുണ്ട്, ഫ്ലാറ്റുകൾ വാടകയ്ക്ക് കൊടുത്തിരുന്ന പണം കൊണ്ടാണ് ജീവിതം നയിച്ചിരുന്നത്. മരിച്ച പ്രിയ കുടുംബത്തിന്‍റെ എല്ലാ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യാറുണ്ടായിരുന്നു, എന്നാൽ പ്രണാലി ഇതെല്ലാം തന്‍റെ പരിധിയിൽ വരാനും സമ്പാദിക്കാനും കുടുംബത്തിന് വേണ്ടി തീരുമാനങ്ങൾ എടുക്കാനും ആഗ്രഹിച്ചുവെന്നും പൊലീസ് പറയുന്നു.
”കൊലപാതകം ആസൂത്രണം ചെയ്ത ശേഷം സെപ്തംബർ 13ന് വൈകിട്ട് മാർക്കറ്റിൽ പോകാനെന്ന വ്യാജേന മകളോടൊപ്പം ഇറങ്ങി. ഈ സമയത്ത് പാട്ടീലും പാണ്ഡെയും അവളുടെ വീട്ടിലേക്ക് പോയിരുന്നു. മരിച്ചയാൾക്ക് പാട്ടീലിനെ അറിയാവുന്നതിനാൽ അവരെ അകത്തേക്ക് വരുവാൻ അനുവദിച്ചു. തുടർന്ന് ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു. അതിന് ശേഷവും തലയ്ക്ക് മർദിച്ചിട്ടുണ്ട്. ശേഷം ഇരുവരും ഓടിപ്പോയി. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ മൂവരെയും സെപ്റ്റംബർ 23 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.