മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ സംഭവവികാസങ്ങളെ വിമർശിച്ച് മുൻ മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിലെ (എൻസിപി) അജിത് പവാറും മറ്റ് എംഎൽഎമാരും സർക്കാരിൽ ചേർന്നത് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ കഴിവുകേടാണ് ഉയർത്തിക്കാട്ടുന്നത്. ഒമ്പത് എൻസിപി നേതാക്കൾ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത് ഇതിന്‍റെ ഉദാഹരണമായി കാണാം എന്നും അദ്ദേഹം പറഞ്ഞു.
ശിവസേന, കോൺഗ്രസ്, എൻസിപി എന്നിവ ഉൾപ്പെടുന്ന മഹാ വികാസ് അഘാഡി സഖ്യത്തിൽ തങ്ങൾ അതൃപ്തരാണെന്ന് അവകാശപ്പെട്ട് മുമ്പ് ഷിൻഡെയ്‌ക്കൊപ്പം പാർട്ടി വിട്ട സേന എംഎൽഎമാരെയും താക്കറെ ചോദ്യം ചെയ്തു. എൻസിപിയുടെ പ്രവർത്തനവും നിലപാടും ശരിയല്ലെന്ന് വിമർശിച്ചവർ ഇപ്പോൾ എൻസിപി എംഎൽഎമാരെ സർക്കാരിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും താക്കറെ കൂട്ടിച്ചേർത്തു. എന്തൊരു വിരോധാഭാസം ആണിതെന്നും അദ്ദേഹം ചോദിച്ചു.
എൻസിപി അംഗങ്ങളെ സർക്കാരിൽ ഉൾപ്പെടുത്തിയതിനെയും അദ്ദേഹം ചോദ്യം ചെയ്തു, എൻസിപിയുമായും കോൺഗ്രസുമായും സഖ്യമുണ്ടാക്കിയതിന് തന്‍റെ പാർട്ടി വിമർശനങ്ങൾ നേരിട്ടിരുന്നു, എന്നാൽ ബിജെപിക്ക് ഇതൊന്നും ഇപ്പോൾ വിഷയമല്ലെന്നും താക്കറെ പറഞ്ഞു.
എൻ സി പി യുമായി ഇപ്പോൾ കൂട്ടുകൂടിയവർ ധാർമികതയൊന്നും നോക്കുന്നില്ലേ,ആദിത്യ താക്കറെ ചോദിച്ചു. ഇവർ ഇവരുടെ സർക്കാറിനെ ഇരട്ട എഞ്ചിൻ സർക്കാർ എന്നാണ് സ്വയം വിശേഷിപ്പിച്ചത്.എന്നാൽ പരാജയപ്പെട്ട ഇരട്ട എഞ്ചിൻ സർക്കാരിന് ഇപ്പോൾ ഒരു മൂന്നാമത്തെ എഞ്ചിനും ഘടിപ്പിക്കുന്നു. രണ്ട് എഞ്ചിനും പരാജയപ്പെട്ടത് കൊണ്ട് വീണ്ടും ഒരു എഞ്ചിന്‍റെ ആവശ്യം വന്നിരിക്കുന്നു,അദ്ദേഹം പറഞ്ഞു.സ്വാർത്ഥ കാരണങ്ങളാൽ ഒരു രാഷ്ട്രീയ നിലപാടും ഇല്ലാത്തവരുടെ ഒരു കൂട്ടവും തത്വാധിഷ്ഠിത രാഷ്ട്രീയത്തോട് പ്രതിബദ്ധതയുള്ളവരും തമ്മിലായിരിക്കും ഇനിയുള്ള രാഷ്ട്രീയ പോരാട്ടമെന്നും താക്കറെ കൂട്ടിച്ചേർത്തു.