അത്യുത്പാദന ശേഷിയുള്ള 109 ഇനം വിളകള്‍ പുറത്തിറക്കി പ്രധാനമന്ത്രി

കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതും ജൈവ സമ്പുഷ്ടീകൃതവും
109 varieties of 61 crops released by the PM on sunday
അത്യുത്പാദന ശേഷിയുള്ള 109 ഇനം വിളകള്‍ പുറത്തിറക്കി പ്രധാനമന്ത്രി
Updated on

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ഇന്ത്യ കാര്‍ഷിക ഗവേഷണ സ്ഥാപനത്തില്‍ അത്യുത്പാദനശേഷിയുള്ളതും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്നതും ജൈവസമ്പുഷ്ടീകൃതവുമായ 109 വിളകള്‍ പുറത്തിറക്കി. ചടങ്ങില്‍ കര്‍ഷകരുമായും ശാസ്ത്രജ്ഞരുമായും പ്രധാനമന്ത്രി സംവദിച്ചു. ഈ പുതിയ വിള ഇനങ്ങളുടെ പ്രാധാന്യം ചര്‍ച്ച ചെയ്ത പ്രധാനമന്ത്രി, കാര്‍ഷിക മേഖലയിലെ മൂല്യവര്‍ദ്ധനയുടെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു. ചെലവ് കുറയ്ക്കാനും പരിസ്ഥിതിയില്‍ ഗുണപരമായ സ്വാധീനം ചെലുത്താനും സഹായിക്കുമെന്നതിനാല്‍ ഈ പുതിയ ഇനങ്ങള്‍ വളരെയധികം പ്രയോജനകരമാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു.

ചെറുധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്ത പ്രധാനമന്ത്രി ജനങ്ങള്‍ പോഷകസമൃദ്ധമായ ഭക്ഷണത്തിലേക്ക് നീങ്ങുന്നത് എങ്ങനെയെന്ന് ചൂണ്ടിക്കാട്ടി. പ്രകൃതിദത്ത കൃഷിയുടെ നേട്ടങ്ങളെക്കുറിച്ചും ജൈവക്കൃഷിയോടുള്ള സാധാരണക്കാരുടെ വര്‍ദ്ധിച്ചുവരുന്ന വിശ്വാസത്തെക്കുറിച്ചും സംസാരിച്ച അദ്ദേഹം ജനങ്ങള്‍ ജൈവഭക്ഷണങ്ങള്‍ കഴിക്കാനും ആവശ്യപ്പെടാനും തുടങ്ങിയിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പ്രകൃതി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഗവണ്‍മെന്‍റ് നടത്തുന്ന ശ്രമങ്ങളെ കര്‍ഷകര്‍ അഭിനന്ദിച്ചു.

അവബോധം സൃഷ്ടിക്കുന്നതില്‍ കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍ (കെവികെ) വഹിച്ച പങ്കിനെയും കര്‍ഷകര്‍ അഭിനന്ദിച്ചു. ഓരോ മാസവും വികസിപ്പിച്ചു കൊണ്ടിരിക്കുന്ന പുതിയ ഇനങ്ങളുടെ പ്രയോജനങ്ങളെക്കുറിച്ച് കെവികെകള്‍ കര്‍ഷകരെ മുന്‍കൂട്ടി അറിയിക്കണമെന്നും അവയുടെ ഗുണങ്ങളെക്കുറിച്ച് അവബോധം വര്‍ദ്ധിപ്പിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഈ പുതിയ വിളകള്‍ വികസിപ്പിച്ചതിന് ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഫലപ്രദമായി ഉപയോഗിക്കാത്ത വിളകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ പ്രധാനമന്ത്രി നല്‍കിയ നിര്‍ദേശത്തിന് അനുസൃതമായി പ്രവര്‍ത്തിക്കുകയാണെന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു.

പ്രധാനമന്ത്രി പുറത്തിറക്കിയ 61 വിളകളുടെ 109 ഇനങ്ങളില്‍ 34 വയല്‍വിളകളും 27 പഴം- പച്ചക്കറി വിളകളും ഉള്‍പ്പെടുന്നു. വയല്‍വിളകളില്‍, ചെറുധാന്യങ്ങള്‍ ഉള്‍പെടെയുള്ള ധാന്യങ്ങള്‍, കാലിത്തീറ്റകള്‍ക്കായുള്ള വിളകള്‍, എണ്ണക്കുരുക്കള്‍, പയര്‍വര്‍ഗങ്ങള്‍, കരിമ്പ്, പരുത്തി, നാരുകള്‍, മറ്റ് കരുത്തുറ്റ വിളകള്‍ എന്നിവയുള്‍പ്പെടെ വിവിധ ധാന്യങ്ങളുടെ വിത്തുകള്‍ പുറത്തിറക്കി. പഴം- പച്ചക്കറി വിളകളില്‍ വിവിധയിനം പഴങ്ങള്‍, പച്ചക്കറി വിളകള്‍, തോട്ടവിളകള്‍, കിഴങ്ങുവിളകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പൂക്കള്‍, ഔഷധ വിളകള്‍ എന്നിവയുണ്ട്. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാൻ അടക്കമുള്ളവർ ചടങ്ങിൽ സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.