ഹൈദരാബാദ്: കനത്ത മഴയ്ക്കിടെ നനയാതിരിക്കാൻ മരച്ചുവട്ടിൽ നിന്ന സഹോദരങ്ങളായ കുട്ടികൾ മിന്നലേറ്റ് മരിച്ചു. ജമേന്ദർ ബസാർ ഗ്രാമവാസികളായ ബോറ സിദ്ധു (15), ബോറ ചന്തു (11) എന്നിവരാണ് മരിച്ചത്. ഹൈദരാബാദ് ഭദ്രാദ്രി കോതഗുഡമിലാണ് സംഭവം.
മഴ പെയ്യാൻ തുടങ്ങിയതോടെ കൃഷിയിടത്തിന് സമീപത്തെ മരച്ചുവട്ടിൽ നിൽക്കുകയായിരുന്നു ഇരുവരും. മഴയ്ക്ക് ഇടയിൽ അപ്രതിക്ഷിതമായി വന്ന ഇടിമിന്നലിൽ ഇരുവരും തൽക്ഷണം മരിക്കുകയായിരുന്നു. അതേസമയം തെലങ്കാനയിൽ ജൂലൈ 21 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.