ജമ്മു: ജമ്മു കശ്മീരിലെ രജൗരിയിൽ അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ച ലഷ്കർ ഇ തൊയ്ബ കമാൻഡർ ഉൾപ്പെടെ രണ്ടു ഭീകരരെ രക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ബുധനാഴ്ച നാലു സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ ഭീകരരാണ് ഇവർ. കൂടുതൽ ഭീകരർ മേഖലയിലുണ്ടോ എന്ന പരിശോധന തുടരുകയാണ്. പാക്കിസ്ഥാൻ പൗരനായ ഖ്വാരിയാണ് കൊല്ലപ്പെട്ട കമാൻഡർ.
രജൗരിയിലെ ധർമസാൽ മേഖലയിൽ തമ്പടിച്ച ഭീകരരെ കണ്ടെത്താൻ രക്ഷാസേന ഞായറാഴ്ചയാണു തെരച്ചിൽ തുടങ്ങിയത്. ധർമസാലിലെ ബജ്മലിൽ ഇവർ തമ്പടിച്ച പ്രദേശം സൈന്യവും ജമ്മു കശ്മീർ പൊലീസും വളഞ്ഞിരുന്നു. ഇതിനിടെയാണു രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാലു സൈനികർ ബുധനാഴ്ച വീരമൃത്യുവരിച്ചത്. വെടിവയ്പ്പിൽ പരുക്കേറ്റ ഒരു മേജറും ജവാനും ഉധംപുരിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ്. ഇതേത്തുടർന്നു ബുധനാഴ്ച രാത്രി സൈനിക നീക്കം നിർത്തിവച്ചു. ഇന്നലെ രാവിലെ ഇതു പുനരാരംഭിച്ചപ്പോഴാണ് ഇരുവരെയും വധിച്ചത്.
ഒരു വർഷത്തിലേറെയായി രജൗരിയിൽ ഭീകരാക്രമണങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ഭീകരനാണു ഖ്വാരി. ദംഗ്രി, കാന്ദി എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങൾക്കു പിന്നിൽ ഇയാളായിരുന്നു. ഐഇഡി നിർമാണത്തിലും ഒളിഞ്ഞിരുന്ന് കൃത്യമായ ലക്ഷ്യത്തിലേക്ക് വെടിവയ്ക്കുന്നതിലും വിദഗ്ധനായിരുന്നു ഖ്വാരി. ഗുഹകളിലിരുന്നാണ് ഇയാൾ ആക്രമണം നടത്തിയിരുന്നത്.
ഈ വർഷം രജൗരി, പൂഞ്ച്, റിയാസി ജില്ലകളിലായി 46 പേരാണു ഭീകരാക്രമണത്തിൽ മരിച്ചത്. ഇവരിൽ ഏഴു ഭീകരരും ഒമ്പതു സൈനികരുമടക്കം 23 പേർ മരിച്ചത് രജൗരിയിലാണ്.