West Bengal Chief Minister Mamata Banerjee with minister Moloy Ghatak
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മന്ത്രി മൊലോയ് ഘടക് എന്നിവർ.

242 ബംഗാളി തൊഴിലാളികൾ വയനാട്ടിൽ കുടുങ്ങി: മന്ത്രി

ഇതിൽ 87 പേരെക്കുറിച്ച് വിവരമില്ലെന്നും തൊഴിൽ മന്ത്രി പശ്ചിമ ബംഗാൾ നിയമസഭയിൽ
Published on

കോൽക്കത്ത: വയനാട്ടിലെ ദുരന്തഭൂമിയിൽ 242 കുടിയേറ്റത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും, ഇവരിൽ 155 പേരുമായി മാത്രമേ കുടുംബാംഗങ്ങൾക്കു ബന്ധപ്പെടാനായിട്ടുള്ളൂ എന്നും പശ്ചിമ ബംഗാൾ സർക്കാർ. തൃണമൂൽ കോൺഗ്രസ് എംഎൽഎ ദെബേസ് മണ്ഡലിന്‍റെ ചോദ്യത്തിനു മറുപടിയായി തൊഴിൽ മന്ത്രി മൊലോയ് ഘടക് നിയമസഭയിൽ അറിയിച്ചതാണ് ഇക്കാര്യം.

155 പേരുമായി കുടുംബാംഗങ്ങൾക്ക് ബന്ധപ്പെടാനായെന്നും മന്ത്രി അറിയിച്ചു. അവശേഷിക്കുന്ന 87 പേരുമായി ബന്ധപ്പെടാൻ ശ്രമിച്ചുവരികയാണ്. ജൽപായ്ഗുരി, അലിപുർദ്വാർ, ഡാർജലിങ്, പശ്ചിമ മേദിനിപുർ, മുർഷിദാബാദ്, ബീർഭൂം എന്നിവിടങ്ങളിലുള്ളവരാണു തൊഴിലാളികൾ.

നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇവർക്കായി സംസ്ഥാന സർക്കാർ പ്രത്യേക സൗകര്യം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി പശ്ചിമ ബംഗാളിൽ നിന്നുള്ള 21,59,737 തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 3,65,123 പേർ കേരളത്തിലാണെന്നും മന്ത്രി.