ഭുവനേശ്വർ: ബാലസോർ ട്രെയിനപകടത്തിൽ മരിച്ചവരിൽ 29 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നു ഭുവനേശ്വറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സൂപ്രണ്ട് ദിലീപ് കുമാർ പരിദ.
രണ്ടു ഘട്ടങ്ങളിലായി 162 മൃതദേഹങ്ങൾ എയിംസിലെത്തി. ഇതിൽ 113 പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഡൽഹി സിഎഫ്എസ്എല്ലിൽ നിന്നുള്ള ഡിഎൻഎ സാംപിൾ ഫലം വന്നതിനു ശേഷം ബാക്കിയുള്ള മൃതദേഹങ്ങൾ കൈമാറും. ഡിഎൻഎ ഫലം വന്നതിനു ശേഷവും മൃതദേഹങ്ങളിൽ അവകാശവാദമുന്നയിച്ച് ആരും വന്നില്ലെങ്കിൽ അവ സംസ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒഡീഷയിലെ ബാലസോറിലുണ്ടായ അപകടത്തിൽ 295 പേരാണ് മരിച്ചത്. സിഗ്നലിൽ ഉണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. സ്റ്റേഷനിലെ നോർത്ത് സിഗ്നൽ ഗൂംടിയിൽ നേരത്തെ നടത്തിയ സിഗ്നലിങ് സർക്യൂട്ട് മാറ്റത്തിലെ പിഴവും സ്റ്റേഷനിലെ ലെവൽ ക്രോസിങ് ഗേറ്റ് നമ്പർ 94 ൽ ഇലക്‌ട്രിക് ലിഫ്റ്റിങ് ബാരിയർ മാറ്റവുമായി ബന്ധപ്പെട്ട സിഗ്നലിങ് ജോലികൾ നടപ്പാക്കിയതിലെ പിഴവുമാണ് ട്രെയിൻ ഇടിച്ചു കയറാൻ കാരണമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.