അബുദാബി: മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. അബൂദബി അല്‍ റിം ഐലൻഡിലെ സിറ്റി ഓഫ് ലൈറ്റ്‌സ് എന്ന കെട്ടിടത്തില്‍ ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40), പാലക്കാട് മാരായമംഗലം സ്വദേശി രാജകുമാരൻ (38) എന്നിവരും പഞ്ചാബ് സ്വദേശിയുമാണ് മരിച്ചത്. മൂന്ന് പേരും ദീർഘ കാലമായി ഒരേ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.
അടച്ചിട്ടിരുന്ന മാലിന്യ ടാങ്ക് ശുചിയാക്കുമ്പോൾ കാൽ തെറ്റി അജിത് മൂന്ന് മീറ്ററിലധികം താഴ്ചയുള്ള ടാങ്കിലേക്ക് പതിച്ചു. അജിത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മറ്റ് രണ്ടു പേരും അപകടത്തില്‍ പെട്ടത്. പാലക്കാട് നെല്ലായ മാരായമംഗലം സ്വദേശി ചീരത്ത് പള്ളിയാലിൽ ഉണ്ണികൃഷ്ണന്‍റേയും ശാന്തകുമാരിയും മകനാണ് രാജകുമാരൻ.ഭാര്യ: രേവതി. 2 മക്കളുണ്ട്.
പത്തനംതിട്ട മണ്ണപ്പാട്ട് വടക്കേതിൽ രാമചന്ദ്ര കുറുപ്പിന്‍റേയും ശ്യാമളയുടെയും മകനാണ് അജിത്. ഭാര്യ: അശ്വതി നായർ. മകൻ: അശ്വത്. അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.