ജമ്മു: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനങ്ങൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാലു സൈനികർക്ക് വീരമൃത്യു. മൂന്നു പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പ്രദേശത്തു നിന്നുള്ള ചിത്രങ്ങളും വിഡിയോകളു സമൂഹമാധ്യങ്ങൾ പടരുന്നുണ്ട്. ഭീകരർ നേർക്കു നേർ സൈനികരുമായി ഏറ്റുമുട്ടാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് സൈനിക വക്താക്കൾ പറയുന്നു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. സൈനികരുമായി രജോരി- തനമന്ദി-സുരാൻകോട്ടെ റോഡിലൂടെ സഞ്ചരിച്ചിരുന്ന ഒരു ട്രക്കിനും ജിപ്സിക്കും നേരെയാണ് സവാനി മേഖലയിൽ വച്ച് ഭീകരർ വെടിയുതിർത്തത്.
ബുധനാഴ്ച രാത്രി മുതൽ ജമ്മുവിനെ ബുഫ്ലിയാസിനോട് ചേർന്നുള്ള പ്രദേശത്ത് ഭീകരർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. ഭീകരരുടെ സാനിധ്യമുള്ളതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് സൈന്യം ഇവിടെ പരിശോധന ആരംഭിച്ചത്. ഇവിടേക്കുള്ള സൈനികരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെയാണ് ആക്രമണമുണ്ടായത്. .
രജോറി ജില്ലയിലെ ബാജിമാർ വനപ്രദേശത്തോടു ചേർന്നുണ്ടായ ആക്രമണത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും ഭീകരർ സൈനിക വാഹനങ്ങളെ ലക്ഷ്യം വച്ചിരിക്കുന്നത്. ലഷ്കർ ഇ തൊയ്ബയുടെ നേതാവാണ് ആക്രമണത്തിന്‍റെ സൂത്രധാരൻ എന്നാണ് നിഗമനം.