ന്യൂഡൽഹി: മൂന്നു രാഷ്‌ട്രങ്ങളിലായി അഞ്ചു ദിവസം നീണ്ട സന്ദർശനത്തിൽ ഉഭയകക്ഷി, അനൗപചാരിക ചർച്ചകളടക്കം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് 31 കൂടിക്കാഴ്ചകൾ. പ്രധാനമന്ത്രിയുടെ ഓഫിസാണു മോദിയുടെ യാത്രാ പരിപാടികളെക്കുറിച്ചു വിശദമായ കുറിപ്പ് പുറത്തിറക്കിയത്. ആദ്യ യാത്ര നൈജീരിയയിലേക്കായിരുന്നു. 17 വർഷത്തിനുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനമായിരുന്നു ഇത്.
നൈജീരിയൻ പ്രസിഡന്‍റ് ബോലാ അഹമ്മദ് ടിനുബുവുമായി കൂടിക്കാഴ്ച നടത്തിയ മോദി പിന്നീട് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ബ്രസീലിലെ റയോ ഡി ഷാനെറോയിലെത്തി. ബ്രസീൽ, ഇന്തോനേഷ്യ, പോർച്ചുഗൽ, ഇറ്റലി, നോർവെ, ഫ്രാൻസ്, യുകെ, ചിലി, അർജന്‍റീന, ഓസ്ട്രേലിയ രാഷ്‌ട്ര നേതാക്കളുമായി ഇവിടെ ഉഭയകക്ഷി ചർച്ചകൾ നടന്നു.
ഇവരിൽ ഇന്തോനേഷ്യൻ പ്രസിഡന്‍റ് പ്രബോവോ സുബിയാന്തോ, പോർച്ചുഗൽ പ്രധാനമന്ത്രി ലൂയിസ് മോണ്ടെനിഗ്രോ, ബ്രിട്ടിഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ചിലി പ്രസിഡന്‍റ് ഗബ്രിയേൽ ബോറിക്, അർജന്‍റീന പ്രസിഡന്‍റ് ജാവിയർ മിലി എന്നിവരുമായി മോദിയുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു.
സിംഗപ്പുർ, ദക്ഷിണ കൊറിയ, ഈജിപ്റ്റ്, യുഎസ്, സ്പെയ്‌ൻ നേതാക്കളുമായി അനൗപചാരിക ചർച്ചകളും അദ്ദേഹം നടത്തി. യൂറോപ്യൻ യൂണിയൻ, യുഎൻ, ഡബ്ല്യുടിഒ, ഡബ്ല്യുഎച്ച്ഒ, ഐഎംഎഫ് എന്നിവയുടെ മേധാവിമാരെയും അദ്ദേഹം കണ്ടു. ഗയാനയിലെത്തിയ പ്രധാനമന്ത്രി ഗയാന, ഡൊമിനിക്ക, ബഹാമസ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, സുരിനാം, ആന്‍റിഗ്വ, ബർബുഡ, ഗ്രെനേഡ, സെന്‍റ് ലൂസിയ നേതാക്കളുമായും ചർച്ച നടത്തി.
നൈജീരിയയുടെയും ഗയാനയുടെയും പരമോന്നത ബഹുമതികളും മോദി ഏറ്റുവാങ്ങി. മൂന്നു രാജ്യങ്ങളിലും പ്രവാസി ഇന്ത്യക്കാരുമായും ഇന്ത്യൻ സമൂഹവുമായും മോദി സംവദിച്ചു.