ന്യൂഡൽഹി: കനത്ത മഴയിൽ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്‍റെ ബേസ്‌മെന്‍റില്‍ വെള്ളം കയറി 3 വിദ്യാർഥികൾ മരിച്ച സംഭവത്തിൽ 5 പേരെ കൂടി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കെട്ടിട ഉടമ അടക്കമുള്ളവരാണ് പിടിയിലായത്. കോച്ചിംഗ് സെന്‍റർ ഉടമയും കോ ഓർഡിനേറ്ററും ഞായറാഴ്ച തന്നെ അറസ്റ്റിലായിരുന്നു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 7 ആയി.
ബേസ്‌മെന്‍റില്‍ ലൈബ്രറിയും ക്ലാസ് റൂമും പ്രവര്‍ത്തിച്ചിരുന്നത് നിയമവിരുദ്ധമായിട്ടാണെന്നാണ് റിപ്പോര്‍ട്ട്. ബേസ്‌മെന്‍റിന് സ്‌റ്റോര്‍ റൂം പ്രവര്‍ത്തിക്കാന്‍ മാത്രയിരുന്നു ഫയര്‍ഫോഴ്‌സ് അനുമതി നല്‍കിയിരുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ഉന്നത സമിതി രൂപീകരിച്ചു. ഇന്നും വിവിധ കോച്ചിങ് സെന്‍ററുകളില്‍ പരിശോധന തുടരും. അനതികൃതമായി ബേസ്‌മെന്‍റിൽ പ്രവർത്തിക്കുന്ന നിരവധി കോച്ചിങ് സെന്‍ററുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അവയ്‌ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമം ആരംഭിച്ചതായും കോർപ്പറേഷൻ അറിയിച്ചു. ഇത്തരത്തിൽ ഞായറാഴ്ച നടന്ന മിന്നൽ പരിശോധനയിൽ 13 കോച്ചിംഗ് സെന്‍ററുകൾക്കെതിരെയാണ് നടപടിയെടുത്തത്.
ഡൽഹിയിലെ ഓൾഡ് രാജേന്ദ്ര നഗറിൽ പ്രവർത്തിക്കുന്ന റാവു സിവിൽ സർവീസ് അക്കാദമിയുടെ ബേസ്മെന്‍റിൽ ശനിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. വിദ്യാർഥികളെ കാണാതായതിനെത്തുടർന്നു നടത്തിയ തെരച്ചിലിലാണു മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച വിദ്യാർഥികളിൽ ഒരാൾ മലയാളിയാണ്. എറണാകുളം സ്വദേശി നവീന്‍ ഡാല്‍വിന്‍ ആണ് മരിച്ചത്. നവീന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് വൈകിട്ടോടെ നാട്ടിലെത്തിക്കും.