അയോധ്യയിൽ പ്രതിഷ്ഠിക്കുന്നത് 5 വയസുള്ള രാമനെ

51 ഇഞ്ച് ഉയരവും 1.5 ടണ്‍ ഭാരവുമുള്ളതാണ് ശ്രീരാമവിഗ്രഹമെന്നു രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്
Ayodhya Ram temple model
Ayodhya Ram temple model
Updated on

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് 51 ഇഞ്ച് ഉയരവും 1.5 ടണ്‍ ഭാരവുമുള്ള ശ്രീരാമവിഗ്രഹമെന്നു രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. ജനുവരി 16ന് പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിക്കും. 18ന് ശ്രീരാമനെ ശ്രീകോവിലിലെ പീഠത്തിൽ സ്ഥാപിക്കും. 22നാണ് പ്രാണപ്രതിഷ്ഠ.

മൂന്ന് ശിൽപ്പികൾ തയാറാക്കിയ മൂന്നു വിഗ്രഹങ്ങളിൽ നിന്നാണു അഞ്ച് വയസുള്ള ശ്രീരാമരൂപം തെരഞ്ഞെടുത്തത്. ഇതോടെ മംഗളൂരുവിൽ നിന്നുള്ള വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നതെന്ന മട്ടിൽ പ്രചരിച്ച അഭ്യൂഹങ്ങൾക്കും വിരാമമായി. എട്ടു മാസത്തിനുശേഷം ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്നൻ, സീത, ഹനുമാൻ വിഗ്രഹങ്ങൾ ക്ഷേത്രത്തിന്‍റെ രണ്ടാം നിലയിൽ പ്രതിഷ്ഠിക്കും. എല്ലാ വർഷവും ചൈത്രമാസത്തിലെ ശുക്ലപക്ഷത്തിലെ ഒമ്പതാം തിഥിയായ രാമനവമിയിൽ സൂര്യപ്രകാശം കൃത്യമായി ശ്രീരാമവിഗ്രഹത്തിൽ പതിക്കുന്ന തരത്തിലാണു ക്ഷേത്ര നിർമാണം.

വെള്ളവും പാലും കല്ലിനെ പ്രതികൂലമായി ബാധിക്കില്ല എന്നതാണ് ശ്രീരാമ വിഗ്രഹത്തിന്‍റെ പ്രത്യേകതകളിൽ ഒന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹർഷിമാരായ വാല്മീകി, വസിഷ്ഠൻ, വിശ്വാമിത്രൻ, അഗസ്ത്യൻ, നിഷാദ് രാജ്, മാതാ ശബരി, ദേവി അഹല്യ എന്നിവരുടെ ക്ഷേത്രങ്ങളും ഇതോടൊപ്പം നിർമിച്ചിട്ടുണ്ട് അദ്ദേഹം പറഞ്ഞു. ഇതിനു പുറമെ ജടായു വിഗ്രഹവും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ക്ഷേത്രത്തിന്‍റെ വാസ്തുവിദ്യ നിശ്ചയിച്ചത്. എൻജിനീയർമാരുടെ അഭിപ്രായത്തിൽ കഴിഞ്ഞ 300 വർഷത്തിനിടെ ഉത്തരേന്ത്യയിൽ ഇത്തരമൊരു ക്ഷേത്രം നിർമിച്ചിട്ടില്ലെന്നും ചമ്പത് റായ് പറഞ്ഞു. 161 അടി ഉയരവും 250 അടി വീതിയുമാണ് ക്ഷേത്രത്തിനുള്ളത്.

22 ഉച്ചയ്ക്ക് 12.20നാണ് പ്രാണപ്രതിഷ്ഠാച്ചടങ്ങ്. ക്ഷേത്ര ഉദ്ഘാടനത്തിന് രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നുമായി 7000 അതിഥികളെയാണ് ‌ക്ഷണിച്ചിരിക്കുന്നത്. 1947 ഓഗസ്റ്റ് 15നു ശേഷമുള്ള നിർണായക ദിനമായി 22നെയും കാണണമെന്നു ചമ്പത് റായ്. അന്ന് അഞ്ചു ലക്ഷം ക്ഷേത്രങ്ങളിൽ പ്രത്യേക പൂജയുണ്ടാകും. കൂടാതെ എല്ലാ വീടുകളുടെയും പുറത്ത് കുറഞ്ഞത് അഞ്ചു വിളക്കുകൾ തെളിക്കണമെന്നും ചമ്പത് റായ് അഭ്യർഥിച്ചു.

Trending

No stories found.

Latest News

No stories found.