ന്യൂഡൽഹി: അഞ്ചു വർഷത്തിനിടെ രാജ്യത്ത് കാട്ടാനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2853 പേർ. ഏറ്റവും കൂടുതൽ പേർ മരിച്ചത് കഴിഞ്ഞ വർഷം. 628 പേർക്കാണു 2023ൽ ജീവൻ നഷ്ടമായത്. കേരളത്തിൽ അഞ്ചു വർഷത്തിനിടെ 124 പേർ മരിച്ചു. ഇതേകാലയളവിൽ 528 കാട്ടാനകൾക്കും അസ്വാഭാവിക മരണം സംഭവിച്ചു. വനംകൊള്ള, വിഷം കൊടുക്കൽ, ട്രെയ്‌ൻ അപകടം, വൈദ്യുതാഘാതം തുടങ്ങിയവയാണു കാട്ടാനകളുടെ ജീവനെടുത്തത്. കേരളത്തിൽ 29 കാട്ടാനകൾ കൊല്ലപ്പെട്ടു. വൈദ്യുതാഘാതമേറ്റാണ് ഇവയുടെ മരണം.
ലോക്സഭയിൽ ബിജെപി എംപിമാരായ ജയന്തകുമാർ റോയ്, സംഗീത കുമാരി സിങ് ദേവ് എന്നിവരുടെ ചോദ്യങ്ങൾക്ക് വനം- പരിസ്ഥിതി സഹമന്ത്രി കീർത്തിവർധൻ സിങ് നൽകിയ മറുപടിയിലാണ് വെളിപ്പെടുത്തൽ. 392 കാട്ടാനകൾ വൈദ്യുതാഘാതമേറ്റാണു ചരിഞ്ഞത്. ട്രെയ്‌ൻ അപകടമാണ് 73 ആനകൾക്ക് വില്ലനായത്. 50 ആനകളെ വനംകൊള്ളക്കാർ കൊന്നു. 13 എണ്ണം വിഷം ഉള്ളിൽച്ചെന്നു ചത്തു.
കാട്ടാനകളുടെ അപകടത്തിൽ ഒഡീഷയാണു മുന്നിൽ. ഇവിടെ വൈദ്യുതാഘാതമേറ്റ് 71 ആനകളും ട്രെയ്‌ൻ ഇടിച്ച് 22 ആനകളും വനം കൊള്ളക്കാർ മൂലം 17 ആനകളും ചരിഞ്ഞു. 2017ലെ സെൻസസ് പ്രകാരം രാജ്യത്താകെ 29,964 കാട്ടാനകളുണ്ട്. ഏഷ്യൻ ആനകളുടെ 60 ശതമാനമാണിത്.
അഞ്ചു വർഷത്തിനിടെ കൊല്ലപ്പെട്ട 2853 പേരിൽ 624 പേരും ഒഡീഷയിലാണ്. രണ്ടാം സ്ഥാനത്ത് ഝാർഖണ്ഡ്- 474. പശ്ചിമ ബംഗാളിൽ 436ഉം ഛത്തിസ്ഗഡിൽ 303ഉം തമിഴ്നാട്ടിൽ 256ഉം കർണാടകയിൽ 160ഉം പേർ കൊല്ലപ്പെട്ടു. വന്യജീവി സങ്കേതങ്ങളുടെ പരിപാലനം കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സംയുക്ത ചുമതലയാണെന്നും മന്ത്രി. രാജ്യത്ത് കാട്ടാനകളുള്ള 15 സംസ്ഥാനങ്ങളിലായി 150 ആനത്താരകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇവ സംരക്ഷിക്കാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നുംം മന്ത്രി അറിയിച്ചു.