ഹിസാർ: പേടിഎം ഫാസ്‌ടാഗ് ഉപയോക്താവിന് ഹരിയാനയിലെ ഹിസാറിനടുത്തുള്ള ടോൾ പ്ലസാ ഉപയോഗിച്ചപ്പോൾ വന്നത് ഒമ്പത് കോടി രൂപയുടെ ബിൽ. 90 രൂപ മാത്രമാണ് ഇവിടെ ടോൾ ഉള്ളത്.
ഒമ്പതു കോടി ചാർജ് ചെയ്തെന്നും, അക്കൗണ്ടിൽ ബാലൻസ് കുറവാണെന്നും കാണിക്കുന്ന സ്ക്രീൻഷോട്ടും ഇദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. പേടിഎം തന്നെ ഇപ്പോൾ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരിക്കുകയാണെന്നും, ഹെൽപ്പ് ലൈനിൽ വിളിച്ചിട്ട് പ്രയോജനമുണ്ടാകാതിരുന്നതു കാരണമാണ് സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തതെന്നും വിശദീകരണം.
ഓട്ടോമേറ്റഡ് സംവിധാനമാണ് ഹെൽപ്പ് ലൈൻ. ഇതുവഴി എക്സിക്യൂട്ടീവുമായി സംസാരിക്കാൻ പോലും സാധിച്ചില്ല. ഹെൽപ്പ് ആൻഡ് സപ്പോർട്ട് സെക്ഷനിൽ സ്ക്രീൻഷോട്ട് നൽകാനും സാധിക്കില്ലെന്ന് ഇദ്ദേഹം പറയുന്നു.
ഈ പോസ്റ്റിനു പിന്നാലെ സമാന അനുഭവങ്ങൾ മറ്റു പലരും പങ്കുവച്ചു. ഒന്നരക്കോടി രൂപ ടോൾ വന്നതായും, എന്നാൽ, സാങ്കേതിക തകരാർ കാരണമാണ് ഇതുണ്ടായതെന്നും പിന്നീട് പരിഹരിച്ചെന്നും ഒരു ഉപയോക്താവ് വിശദീകരിക്കുന്നു.