കന്നട നടൻ ദർശൻ കൊലപ്പെടുത്തിയ രേണുക സ്വാമിക്ക് ആൺകുഞ്ഞ് പിറന്നു. ബുധനാഴ്ചയാണ് രേണുക സ്വാമിയുടെ ഭാര്യ സഹാന ആൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ ജൂണിൽ സുഹൃത്തായ നടി പവിത്ര ഗൗഡയ്ക്ക് രേണുക സ്വാമി അശ്ലീല സന്ദേശം അയച്ചെന്നാരോപിച്ചാണ് ദർശനും കൂട്ടരും തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയത്. രേണുക സ്വാമി മരിക്കുമ്പോൾ സഹാന അഞ്ച് മാസം ഗർഭിണിയായിരുന്നു.
ചിത്രദുർഗയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം. ‘എന്‍റെ മകന്‍ ഈ കുഞ്ഞിലൂടെ തിരിച്ചുവരും’ എന്നാണ് രേണുകസ്വാമിയുടെ പിതാവ് കാശിനാഥയ്യ പ്രതികരിച്ചത്. പ്രസവവും പരിചരണവും സൗജന്യമായി നടത്തിത്തന്ന ആശുപത്രിക്കും ജീവനക്കാര്‍ക്കും കാശിനാഥയ്യ നന്ദി പറഞ്ഞു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. അതേസമയം രേണുകസ്വാമിയുടെ കൊലപാതകത്തെക്കുറിച്ചോ കേസിനെക്കുറിച്ചോ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം കണ്ണീരോടെ പറഞ്ഞു.