മുംബൈ: ബോളിവുഡ് താരം ആമിർഖാന്‍റെ ഡീപ് ഫേക്ക് വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചുവെന്ന പരാതിയിൽ അജ്ഞാത വ്യക്തിക്കെതിരേ എഫ്ഐആർ ഫയൽ ചെയ്ത് മുംബൈ പൊലീസ്. ആമിർ ഒരു രാഷ്ട്രീയ പാർട്ടിക്കു വേണ്ടി സംസാരിക്കുന്ന വ്യാജ വീഡിയോ ആണ് നിർമിച്ച് പ്രചരിപ്പിച്ചിരുന്നത്. ആമിർ ഖാന്‍റ ഓഫിസ് നൽകിയ പരാതിയിൽ ഖർ പൊലീസ് ഐടി ആക്റ്റ് അടക്കമുള്ള നിരവധി കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. 27 സെക്കൻഡ് നീണ്ടു നിൽക്കുന്ന വീഡിയോ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്
. പഴയ ടെലിവിഷൻ പരിപാടി സത്യമേവ ജയതേയിൽ നിന്നുള്ള രംഗങ്ങളാണ് വ്യാജ വീഡിയോ നിർമിക്കാനായി ഉപയോഗിച്ചിരിക്കുന്നത്.
മുൻ കാലങ്ങളിൽ തെരഞ്ഞെടുപ്പു കമ്മിഷനു വേണ്ടി ബോധവത്കരണം നടത്തിയിട്ടുണ്ടെന്നത് ഒഴിവാക്കിയാൽ ഒരു രാഷ്ട്രീയ പാർട്ടിയെയും ആമിർ ഖാൻ പിന്തുണയ്ക്കുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ വക്താവ് വ്യക്തമാക്കി.