കോൽക്കൊത്ത: സ്കൂൾ നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് വീണ്ടും സമൻസ് അയച്ച ഇഡി യെ വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജി. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഒക്റ്റോബർ 3ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി സമൻസ് അയച്ചത്. മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള ഫണ്ട് ലഭിക്കാത്തതിനെതിരേ തൃണമൂൽ കോൺഗ്രസ് ഒക്റ്റോബർ 2,3 തിയതികളിൽ ഡൽഹിയിൽ പ്രതിഷേധ റാലി പ്രഖ്യാപിച്ചിരുന്നു.
അഭിഷേകാണ് റാലി നയിക്കാനിരുന്നത്. റാലിയിൽ പങ്കെടുക്കാതിരിക്കാനായാണ് അതേ ദിവസം തന്നെ ചോദ്യം ചെയ്യലിനായി വിളിച്ചിരിക്കുന്നതെന്നാണ് തൃണമൂലിന്‍റെ ആരോപണം. താൻ ഇഡിക്കു മുൻപിൽ ഹാജരാകില്ലെന്നും ഒക്റ്റോബർ 2,3 തിയതികളിൽ ഡൽഹിയിലെ റാലിയിൽ പങ്കെടുക്കുമെന്നും അഭിഷേക് എക്സിലൂടെ അറിയിച്ചു. നിങ്ങൾക്കു സാധിക്കുമെങ്കിൽ എന്നെ തടയൂ എന്നും എക്സിൽ അഭിഷേക് കുറിച്ചിട്ടുണ്ട്. ഡൽഹിയിലെ തൃണമൂൽ പ്രഖ്യാപിച്ചിരിക്കുന്ന റാലിയെ ബിജെപിക്ക് ഭയമാണെന്നും പാർട്ടി നേതാക്കൾ ആരോപിക്കുന്നുണ്ട്.
എന്നാൽ ലക്ഷക്കണക്കിന് ഉദ്യോഗാർഥികളാണ് അഴിമതി മൂലം കബളിക്കപ്പെട്ടതെന്നും അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സഹകരിക്കാതിരിക്കാനാണ് തൃണമൂൽ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ബിജെപി സംസ്ഥാന വക്താവ് സാമിക് ഭട്ടാചാര്യ ആരോപിച്ചു.
സെപ്റ്റംബർ 13ന് ഇഡി അഭിഷേകിനെ വിളിച്ചു വരുത്തി തുടർച്ചയായി 9 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. അന്നു പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ യോഗത്തിൽ താൻ പങ്കെടുക്കാതിരിക്കാനാണ് അത്തരത്തിൽ ഇഡി ചോദ്യം ചെയ്തതെന്നാണ് അഭിഷേക് ആരോപിക്കുന്നത്.