ട്രക്ക് ഡ്രൈവർ ക്യാബിനുകളിൽ എസി നിർബന്ധമാക്കുന്നു

പതിനായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ മാത്രമാണ് ട്രക്കിന്‍റെ ഡ്രൈവർ ക്യാബിൻ എസിയാക്കാൻ ചെലവ് വരുന്നതെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്.
ട്രക്ക് ഡ്രൈവർ ക്യാബിനുകളിൽ എസി നിർബന്ധമാക്കുന്നു
Updated on

ന്യൂഡൽഹി: ട്രക്ക് ഡ്രൈവർമാരുടെ ക്യാബിനുകളിൽ 2025 മുതൽ എയർ കണ്ടീഷനർ നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. കടുത്ത ചൂടിൽ 11-12 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടി വരുന്ന ഡ്രൈവർമാർക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം.

ബുദ്ധിമുട്ടേറിയ തൊഴിൽ സാഹചര്യങ്ങളും അതിദീർഘമായ സമയം റോഡിൽ ചെലവഴിക്കേണ്ടി വരുന്നതും ഡ്രൈവർമാരുടെ ക്ഷീണത്തിനും അതുവഴി അപകടങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ട്രക്ക് മേഖലയ്ക്ക് പൂർണമായി എസി ക്യാബിനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ പതിനെട്ടു മാസം വേണമെന്നാണ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തിയിട്ടുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരി എസി ക്യാബിൻ നിർബന്ധമാക്കാൻ 2025 വരെ സമയം അനുവദിക്കാമെന്ന് അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.

43-47 ഡിഗ്രി ചൂടിൽ 12-14 മണിക്കൂർ തുടർച്ചയായി വാഹനം ഓടിക്കേണ്ടി വരുന്ന ഡ്രൈവർമാർക്കായി എസി ക്യാബിൻ നിർബന്ധമാക്കാൻ താൻ മന്ത്രിയായ സമയം മുതൽ ശ്രമിക്കുകയാണെന്ന് ഗഡ്‌കരി പറഞ്ഞു. ചെലവ് കൂടുമെന്നാണ് ഇതിനെ എതിർത്തിരുന്നവർ വാദിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

2016ലാണ് ഉപരിതല ഗതാഗത മന്ത്രാലയം ആദ്യമായി ഈ നിർദേശം മുന്നോട്ടുവച്ചത്. എസി ക്യാബിനിൽ ഡ്രൈവർമാർ ഉറങ്ങിപ്പോകാൻ സാധ്യത കൂടുതലാണെന്നു വരെ എതിർവാദങ്ങളുണ്ടായി. എന്നാൽ, വോൾവോ അടക്കം ലക്ഷ്വറി ബസുകളിൽ എസി വന്നപ്പോൾ ഈ പ്രശ്നമുണ്ടായിട്ടില്ലെന്നു മന്ത്രി ചൂണ്ടിക്കാട്ടി.

പതിനായിരം രൂപ മുതൽ ഇരുപതിനായിരം രൂപ വരെ മാത്രമാണ് ട്രക്കിന്‍റെ ഡ്രൈവർ ക്യാബിൻ എസിയാക്കാൻ ചെലവ് വരുന്നതെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്.

Trending

No stories found.

Latest News

No stories found.