ചെന്നൈ: ക്ഷേത്രങ്ങള്‍ റീല്‍സ് എടുക്കാനുള്ള വേദിയല്ലെന്ന് മദ്രാസ് ഹൈക്കോടതി. ക്ഷേത്രത്തില്‍ റീല്‍സ് എടുക്കാന്‍ പാടില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ക്ഷേത്രങ്ങളെ റീല്‍സിന് വേദിയാക്കുന്നവര്‍ ദൈവങ്ങളെ എത്രമാത്രം ബഹുമാനിക്കുന്നവരാണെന്നും കോടതി ചോദിച്ചു.
ചെന്നൈ തിരുവേര്‍കാട് ദേവി കരുമാരി അമ്മന്‍ ക്ഷേത്രത്തില്‍ ഇന്‍സ്റ്റഗ്രാം റീലുകള്‍ ചിത്രീകരിച്ച ട്രസ്റ്റിക്കും വനിതാ ജീവനക്കാര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ദേവസ്വം വകുപ്പിന് ജസ്റ്റിസ് എം ദണ്ഡപാണി നിര്‍ദേശം നല്‍കി.
സിനിമാ ഗാനങ്ങള്‍ക്ക് അനുസരിച്ച് നൃത്തം ചെയ്തും സിനിമാ ഡയലോഗുകള്‍ അനുകരിച്ചും ക്ഷേത്രത്തിനുള്ളില്‍ കോമിക് ഇന്‍സ്റ്റാഗ്രാം റീല്‍ വീഡിയോകള്‍ ചിത്രീകരിച്ചതായാണ് ആക്ഷേപം.
തമിഴ് പുതുവത്സര ദിനത്തിലാണ്, ദേവതയുടെ വിഗ്രഹത്തിന് മുന്നില്‍ ക്ഷേത്ര ട്രസ്റ്റി വളര്‍ത്തുമതിയും വനിതാ ജീവനക്കാരുടെ സംഘവും വീഡിയോ ചിത്രീകരിച്ചത്. സംഭവത്തില്‍ കോടതി നിര്‍ദേശപ്രകാരം നടപടിയെടുത്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തി 29-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്‌പെഷ്യല്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ അരുണ്‍ നടരാജന് ഹൈക്കോടതി നിര്‍ദേശം നല്‍കി.