ന്യൂഡല്‍ഹി: ജമ്മു കശ്‌മീരിൽ ലെഫ്റ്റനന്‍റ് ഗവർണറുടെ അധികാരങ്ങൾ വർധിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്‌മീർ പുനഃസംഘടന നിയമം 2019ലെ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടാണു കേന്ദ്ര സർക്കാരിന്‍റെ സുപ്രധാന നീക്കം. നിയമത്തിലെ സെക്ഷൻ 55 പ്രകാരമുള്ള ഭേദഗതിക്ക് രാഷ്‌ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി.
ഇതോടെ പൊലീസ്, അഖിലേന്ത്യാ സർവീസ് ഓഫിസർമാർ, അഭിഭാഷകര്‍, മറ്റ് നിയമ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിയമനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലെഫ്റ്റനന്‍റ് ഗവർണർക്കു നിർണായക അധികാരങ്ങൾ ലഭിക്കും.
കേസുകളിൽ പ്രോസിക്യൂഷൻ അനുവദിക്കാനും അഴിമതി വിരുദ്ധ ബ്യൂറോയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാനും ലെഫ്റ്റനന്‍റ് ഗവർണർക്കു കഴിയും.
ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഉടൻ നടത്തുമെന്നു കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കെയാണു ലെഫ്റ്റനന്‍റ് ഗവർണർക്ക് നിർണായക അധികാരങ്ങൾ കൈമാറുന്നത്. നിയമസഭ നിലവിൽ വന്നാലും ക്രമസമാധാനവും ഉദ്യോഗസ്ഥ നിയമനവുമുൾപ്പെടെ കാര്യങ്ങളിൽ അന്തിമതീരുമാനം ഗവർണറുടേതാക്കുന്നതാണു ഭേദഗതി.
പൊലീസ് പബ്ലിക് ഓർഡർ, ഓൾ ഇന്ത്യ സർവീസ്, ആന്‍റി കറപ്ഷൻ ബ്യൂറോ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അധികാരം വിനിയോഗിക്കുന്നതിന് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് ധന വകുപ്പിന്‍റെ മുൻകൂർ സമ്മതം ആവശ്യമില്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
അഡ്വക്കെറ്റ് ജനറലുൾപ്പെടെ നിയമ ഉദ്യോഗസ്ഥരെ നിയമിക്കാൻ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയും മുഖേന സമർപ്പിക്കുന്ന ശുപാർശകൾക്ക് അംഗീകാരം നൽകേണ്ടതും ഇനി ലെഫ്റ്റനന്‍റ് ഗവർണറാണ്. പ്രോസിക്യൂഷൻ അനുമതി, അപ്പീൽ നൽകുന്നത്, ജയിലുകൾ, പ്രോസിക്യൂഷൻ ഡയറക്‌റ്ററേറ്റ്, ഫൊറൻസിക് സയൻസ് ലബോറട്ടറി എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇനി ലെഫ്റ്റനന്‍റ് ഗവർണര്‍ക്ക് പ്രത്യേക അധികാരമുണ്ടാകും.
ഐഎഎസ് കേഡർ നിയമനം, അഡ്‌മിനിസ്‌ട്രേറ്റിവ് സെക്രട്ടറിമാരുടെ സ്ഥലംമാറ്റം, നിയമനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ചീഫ് സെക്രട്ടറി മുഖേനയോ ബന്ധപ്പെട്ട വകുപ്പ് മുഖേനയോ ലെഫ്റ്റനന്‍റ് ഗവർണർക്ക് നിർദേശം സമർപ്പിക്കണം. ഭേദഗതിയിൽ പുതിയ കാര്യങ്ങളില്ലെന്നാണ് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളുടെ വിശദീകരണം. 2019ലെ ജമ്മു കശ്മീർ പുനഃസംഘടനാ നിയമത്തിൽ പറഞ്ഞിട്ടുള്ള വ്യവസ്ഥകളിൽ വ്യക്തത വരുത്തിയതാണെന്നും അധികൃതർ.
2020 ഓഗസ്റ്റ് മുതൽ മനോജ് സിൻഹയാണ് ജമ്മു കാശ്‌മീരില്‍ ലെഫ്റ്റനന്‍റ് ഗവർണര്‍. നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ പാർട്ടികളുടെ സർക്കാർ അധികാരത്തിലെത്തിയാലും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ നിയന്ത്രണം പൂർണമായി കൈപ്പിടിയിൽ തുടരണമെന്നാണു കേന്ദ്ര സർക്കാരിന്‍റെ താത്പര്യം. ഉദ്യോഗസ്ഥ തലത്തിലും കശ്മീർ വിഷയത്തിൽ കേന്ദ്ര നിലപാട് പൂർണമായി പിന്തുടരുന്നവരായിരിക്കുമെന്ന് ഉറപ്പുവരുത്താനും സർക്കാർ ലക്ഷ്യമിടുന്നു.