ഉള്ളിക്കു പിന്നാലെ സവാള വിലയും കുതിക്കുന്നു

ഉള്ളി വിലക്കയറ്റം തെരഞ്ഞെടുപ്പ് ഫലങ്ങൾ നിർണയിച്ച ചരിത്രമുണ്ട് ഇന്ത്യക്ക്
Onion mix
Onion mixSymbolic image
Updated on

കൊച്ചി: സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുകയാണ്. ചെറിയ ഉള്ളി വില കിലോയ്ക്ക് 100 രൂപ കടന്നു. രണ്ടാഴ്ച മുമ്പ് വരെ 35 രൂപയില്‍ താഴെയായിരുന്ന ഒരു കിലോ സവാളയുടെ വില ഒറ്റയടിക്ക് 70 രൂപ വരെയെത്തി.

അതേസമയം, കേരളത്തിന് പുറത്തും സവാളക്കും ഉള്ളിക്കും വില കൂടി വരികയാണ്. ന്യൂഡല്‍ഹിയില്‍ ചില്ലറ വിപണിയില്‍ കിലോയ്ക്ക് 25 മുതല്‍ 30 രൂപയായിരുന്ന ഉള്ളി വില നവരാത്രി ആഘോഷങ്ങള്‍ കഴിഞ്ഞതോടെ കിലോയ്ക്ക് 60 രൂപ വരെയായി ഉയര്‍ന്നു. വരും ദിവസങ്ങളില്‍ വില നൂറ് കടക്കുമെന്നാണ് വിലയിരുത്തല്‍. മുംബൈയില്‍ ഉള്ളിയുടെ വില കിലോയ്ക്ക് 80 രൂപയിലെത്തി.

ഇതോടെ ഉള്ളി വില കുറയ്ക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം ശക്തമാകുകയാണ്. അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ, ഉള്ളി വില തെരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ച അനുഭവങ്ങൾ രാഷ്ട്രീയ നേതൃത്വം മറക്കാനിടയില്ല.

കുതിച്ചുയരുന്ന വിലയ്ക്ക് കാരണം വിതരണത്തിലെ കുറവാണെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. മഴയും ഉള്ളിയുടെ സ്റ്റോക്കിനെ ബാധിച്ചിട്ടുണ്ട്.

അതിനിടെ സര്‍ക്കാര്‍ അടുത്തിടെ ഉള്ളിയുടെ ഏറ്റവും കുറഞ്ഞ കയറ്റുമതി വില 800 ഡോളറായി നിശ്ചയിക്കുകയും, ബഫര്‍ സ്റ്റോക്കുകള്‍ക്കായി 2 ലക്ഷം ടണ്‍ ഉള്ളി അധിക സംഭരിക്കാന്‍ ആരംഭിക്കുകയും ചെയ്തു. മണ്ടിയില്‍ നിന്ന് 60-65 രൂപയ്ക്ക് ഉള്ളി സംഭരിക്കുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ വില കൂട്ടിയതോടെ ഇതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുകയാണെന്ന് ആഗ്രയില്‍ നിന്നുള്ള വ്യാപാരികള്‍ പറയുന്നു.

ആഭ്യന്തര വിപണിയില്‍ സ്ഥിരത ഉറപ്പാക്കാന്‍ ഉള്ളി കയറ്റുമതിയും വിലയും ജാഗ്രതയോടെ നിരീക്ഷിച്ചു വരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഉള്ളിക്ക് ടണ്ണിന് 800 ഡോളര്‍ എന്ന മിനിമം കയറ്റുമതി വിലയും (എംഇപി) കേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കയറ്റുമതി നിരുത്സാഹപ്പെടുത്താനും ആഭ്യന്തര വിപണിയില്‍ കൂടുതല്‍ സ്റ്റോക്ക് ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ നീക്കം. ഉപഭോക്തൃ കാര്യ മന്ത്രാലയം പറയുന്നതനുസരിച്ച്, വില ഒരു പരിധി വരെ നിയന്ത്രിക്കുന്നതില്‍ എംഇപി വിജയിച്ചു. കഴിഞ്ഞ ആഴ്ചയിലെ റെക്കോഡ് ഉയരത്തില്‍ നിന്ന് 5-9 ശതമാനം വിലയിടിവ് ഇപ്പോള്‍ ഉണ്ടായിട്ടുണ്ടെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

നവംബറില്‍ വര്‍ധിക്കുന്ന ഡിമാന്‍ഡ് കണക്കിലെടുത്ത്, ഉപഭോക്തൃകാര്യ വകുപ്പ് ഉള്ളി ബഫര്‍ സ്റ്റോക്ക് വിപണിയില്‍ ഇറക്കാന്‍ തുടങ്ങി. മണ്ഡി വില്‍പ്പനയിലൂടെയുള്ള വിതരണവും ഉയര്‍ന്ന വിലയുള്ള കേന്ദ്രങ്ങളിലെ ചില്ലറ ഉപയോക്താക്കള്‍ക്ക് കിഴിവോടെയുള്ള വില്‍പ്പനയും ഇതിലുള്‍പ്പെടുന്നു. 170ലധികം നഗരങ്ങളില്‍ 685 മൊബൈല്‍ റീട്ടെയ്‌ല്‍ ഔട്ട്‌ലെറ്റുകളും ഇത് ഉള്‍ക്കൊള്ളുന്നു.

നാഫെഡും എന്‍സിസിഎഫും ഖാരിഫ് വിളവെടുപ്പില്‍ നിന്ന് രണ്ട് എല്‍എംടി (ലക്ഷം മെട്രിക് ടണ്‍) ഉള്ളിയുടെ അധിക സംഭരണം ആരംഭിച്ചിട്ടുണ്ട്. ഉള്ളി വില സ്ഥിരപ്പെടുത്തുന്നതിനും ഉപയോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമായി ഉയര്‍ന്ന വിലയുള്ള കേന്ദ്രങ്ങളില്‍ ഈ സ്റ്റോക്ക് വിതരണം ചെയ്യും.

Trending

No stories found.

Latest News

No stories found.