aiims doctors stop their strike after supreme court order
സമരം അവസാനിപ്പിച്ച് എയിംസ് ഡോക്‌ടർമാർ

ഉറപ്പു നൽകി സുപ്രീം കോടതി; സമരം അവസാനിപ്പിച്ച് എയിംസ് ഡോക്‌ടർമാർ

ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം സാധാരണക്കാർ ബുദ്ധിമുട്ടുന്നുവെന്നും ദേശീയ കർമ്മസമിതി റിപ്പോർട്ട് വരും വരെ ഡോക്ടർമാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു
Published on

ന്യൂഡൽഹി: കൊൽക്കത്ത ആർജികാർ ആശുപത്രിയിൽ വനിതാ ഡോക്‌ടറെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തിനെതിരേ ഡൽഹി എയിംസിലെ റസിഡന്‍റ് ഡോക്‌ടർമാർ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. രണ്ടാഴ്ചത്തോളം നീണ്ട സമരം സുപ്രീംകോടതിയുടെ ഉറപ്പിനു പിന്നാലെ അവസാനിപ്പിക്കുന്നുവെന്ന് റസിഡന്‍റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ (ആര്‍ഡിഎ) അറിയിച്ചു. ഡോക്ടര്‍മാർ സമരം അവസാനിപ്പിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിരുന്നു.

ഡോക്ടര്‍മാര്‍ ജോലിയില്‍ പ്രവേശിക്കാത്തതുമൂലം സാധാരണക്കാർ ബുദ്ധിമുട്ടുന്നുവെന്നും ദേശീയ കർമ്മസമിതി റിപ്പോർട്ട് വരും വരെ ഡോക്ടർമാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ നിർദേശം. കൂടാതെ, പ്രതിഷേധിച്ച ഡോക്‌ടർമാർക്കെതിരേ യാതൊരു വിധത്തിലുള്ള നിർബന്ധിത നടപടികൾ എടുക്കരുതെന്നും കോടതി അറിയിച്ചു. ജോലിക്ക് കയറിയശേഷം ബുദ്ധിമുട്ടുണ്ടായാല്‍ കോടതിയെ സമീപിക്കാവുന്നതാണ്. അല്ലാത്തപക്ഷം പൊതുജനാരോഗ്യ-അടിസ്ഥാന സൗകര്യങ്ങള്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് ചോദിച്ചിരുന്നു.

അതേസമയം, കേസിൽ പൊലീസിന്‍റെ വീഴ്ചയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസെടുത്തത് പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമാണ്. സിബിഐ അന്വേഷണം ഏറ്റെടുക്കുമ്പോൾ തെളിവുകൾ നശിപ്പിക്കപ്പെട്ടിരുന്നെന്ന് കേന്ദ്രം കോടതിയെ അറിയിച്ചത്. ആര്‍ജി കര്‍ ആശുപത്രിയിലെ അധികൃതരിൽ നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും അതിനാൽ റസിഡന്‍റ് ഡോക്ടര്‍മാര്‍ ഇപ്പോഴും ഭീതിയിലാണെന്ന് അവര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷക ഗീത് ലുത്റ പറഞ്ഞു. തുടർന്ന് ഇന്‍റേണുകള്‍, റെസിഡന്‍റ്- സീനിയര്‍ റെസിഡന്‍റ് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവരുള്‍പ്പെടെ എല്ലാവരുടേയും ആശങ്കകള്‍ കോടതി രൂപവത്കരിച്ച പ്രത്യേക ദൗത്യസംഘം കേള്‍ക്കുമന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കി.