ന്യൂഡൽഹി: ഇറാൻ- ഇസ്രയേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം. ഇന്ത്യൻ എംബസിയാണ് പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയത്. ഇവർക്ക് എംബസിയിൽ രജിസ്റ്റർ ചെയ്യാനുള്ള ഫോം നൽകിയിട്ടുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കോ ഇസ്രായേലിലേക്കോ യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഇന്ത്യ പൗരന്മാരോട് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ നിലവിൽ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്ന എല്ലാവരോടും അവിടെയുള്ള ഇന്ത്യൻ എംബസികളുമായി ബന്ധപ്പെടാനും സ്വയം രജിസ്റ്റർ ചെയ്യാനും അഭ്യർത്ഥിച്ചു.
ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷത്തിൽ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ആക്രമണത്തിൽനിന്ന് പിന്മാറണം. സംഘർഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചർച്ചകൾക്ക് സഹചര്യം ഒരുക്കാനും ആക്രമണത്തിന്‍റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.